
തൃശൂർ : ഒല്ലൂക്കര ബ്ലോക്കിന് കീഴിലെ വിവിധ പാടശേഖരങ്ങളിൽ പൊട്ടാസിയം മൂലകത്തിന്റെ അഭാവം മൂലമുള്ള മഞ്ഞളിപ്പും, ബാക്ടീരിയൽ ഇലകരിച്ചിൽ, കുമിൾ രോഗങ്ങളായ ഓലകളിലെ തവിട്ടു പുള്ളിക്കുത്ത്, നെൽമണികളിലെ വർണമാറ്റം, തണ്ടുതുരപ്പന്റെ ആക്രമണം എന്നിവ ബാധിച്ചെന്ന് വിദഗ്ദ്ധസംഘത്തിന്റെ കണ്ടെത്തൽ. കീടരോഗ ബാധ മൂലം ശരാശരി 30 ശതമാനം വിള നഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ട്.
കാർഷിക സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിലെ കൃഷി ശാസ്ത്രജ്ഞരും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊയ്ത്തിനോട് അടുത്തുകൊണ്ടിരിക്കുന്ന സമയമായതിനാൽ നിയന്ത്രണ മാർഗം ഒന്നും ഇനി ഫലപ്രദമല്ല. ഭാവിയിൽ ഈ രീതിയിലുള്ള കൃഷി നാശം ഒഴിവാക്കാനായി സ്വീകരിക്കേണ്ട മുൻകരുതൽ ഡോക്ടർ ചിഞ്ചു.വി.എസ്, അശ്വതി കെ.കെ, അശ്വതി കൃഷ്ണ ആർ, ജാലിയ എം.കെ എന്നിവരടങ്ങുന്ന വിദഗ്ദ്ധസംഘം കർഷകരോട് നിർദ്ദേശിച്ചു.