
തൃശൂർ : മെഡിക്കൽ കോളേജിൽ ചികിത്സ തേടിയെത്തുന്ന അർബുദ രോഗികളുടെ എണ്ണം കഴിഞ്ഞവർഷം വർദ്ധിച്ചത് അഞ്ച് ശതമാനത്തിലേറെ. ഗവ. മെഡിക്കൽ കോളേജിൽ മാത്രം കഴിഞ്ഞവർഷം 4,150 പുതിയ രോഗികളാണ് ചികിത്സ തേടിയെത്തിയത്. മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്നും നിരവധി പേർ മെഡിക്കൽ കോളേജിലെത്തുന്നുണ്ട്.
അമല മെഡിക്കൽ കോളേജ് ഉൾപ്പെടെയുള്ള സ്വകാര്യ ആശുപത്രികളിലെയും ജില്ലയ്ക്ക് പുറത്ത് ചികിത്സ തേടി പോകുന്നവരുടെയും എണ്ണം കണക്കിലെടുത്താൽ ഇനിയും വർദ്ധിക്കും. നിലവിലെ രോഗികളുടെ എണ്ണം കൂടിയാകുമ്പോൾ രോഗികളുടെ എണ്ണം ഏറെയാണ്.
ദിവസവും മുന്നൂറിലധികം പേരാണ് പുതിയ രോഗികളും പഴയ രോഗികളുമായി നെഞ്ച് രോഗാശുപത്രിയിലെ കാൻസർ ഒ.പിയിലെത്തുന്നത്. ഭൂരിഭാഗം പേരും അറുപത് വയസിന് മുകളിൽ പ്രായമുള്ളവരാണ്. കാൻസർ രോഗികൾക്ക് ആവശ്യമായ ശസ്ത്രക്രിയ, കീമോ, കീമോ തെറാപ്പി, റേഡിയേഷൻ തുടങ്ങി വിവിധ ചികിത്സാസൗകര്യങ്ങളും ലഭ്യമാണ്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡ് തലത്തിൽ കാൻസർ രോഗികളെ കണ്ടെത്തി വിദഗ്ദ്ധ ചികിത്സ നൽകാനായി കാൻ തൃശൂർ എന്ന പേരിൽ ആരംഭിച്ച പ്രവർത്തനത്തിന്റെ രണ്ടാം ഘട്ടത്തിന് തുടക്കമായിട്ടുണ്ട്. കൂടുതൽ പുരുഷന്മാരിലാണ് രോഗം കണ്ടെത്തുന്നതെന്നും
പുരുഷന്മാരിൽ ശ്വാസകോശ അർബുദവും സത്രീകളിൽ സ്തനാർബുദവുമാണ് കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്ന് അർബുദ വിഭാഗം മേധാവി ഡോ.കെ.സുരേഷ് കുമാർ പറഞ്ഞു.
ദിവസവും 90 പേർക്ക് കീമോ
മെഡിക്കൽ കോളേജിൽ കാൻസർ ബാധിതരായവരെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവരുന്നതിനായി ചികിത്സയുടെ ഭാഗമായി ശസ്ത്രക്രിയകൾക്ക് പുറമേ 90 പേർക്ക് കീമോ, പുതിയ മെഷീനിലും പഴയ മെഷീനിലുമായി 110 പേർക്ക് റേഡിയേഷനും നടത്തുന്നുണ്ട്.
ഓരോ വർഷം ചെല്ലുംതോറും അർബുദ ചികിത്സ തേടിയെത്തുന്നവരുടെ എണ്ണം കൂടിവരികയാണ്.
കൂടുതൽ പുരുഷന്മാർ
52 ശതമാനം പേർ പുരുഷന്മാർ
48 ശതമാനം സ്ത്രീകൾ
കുട്ടികളിൽ 3 ശതമാനം
പുരുഷന്മാരിൽ കൂടുതൽ ശ്വാസകോശ അർബുദം
സത്രീകളിൽ സ്തനാർബുദം
പുതുതായി ചികിത്സ തേടിയത് 4,150.
മെഡിക്കൽ കോളേജിലെ അർബുദ രോഗ ചികിത്സാവിഭാഗത്തിൽ പരമാവധി ചികിത്സ നൽകി വരുന്നുണ്ട്. കൊവിഡ് മഹാമാരിക്കിടയിലും കാൻസർ രോഗികളുടെ ചികിത്സയ്ക്ക് യാതൊരു വിധ തടസവും നേരിട്ടിട്ടില്ല.
ഡോ.ഷെഹ്ന എ.കാദർ
നെഞ്ചുരോഗാശുപത്രി സൂപ്രണ്ട്