mundakan

തൃശൂർ : കാലാവസ്ഥാ വ്യതിയാനവും പാടത്തെ മൂലകങ്ങളുടെ കുറവും മൂലം, മുണ്ടകൻ കൃഷിയിറക്കിയ കർഷകർക്ക് പ്രതീക്ഷിച്ച വിളവ് ലഭിച്ചില്ല. കഴിഞ്ഞവർഷത്തെ വിളവ് പോലും ലഭിക്കാത്തതിനെ തുടർന്ന് നഷ്ടങ്ങളുടെ കണക്ക് നിരത്തുകയാണ് നെൽക്കർഷകർ.
കാർഷിക സർവകലാശാലാ ശാസ്ത്രജ്ഞരുടെ കണക്ക് പ്രകാരം മുപ്പത് ശതമാനത്തിന്റെ വിളനഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.
പല സ്ഥലങ്ങളിലും നഷ്ടം അമ്പത് ശതമാനത്തിന് മുകളിലാണെന്നും പറയുന്നു. കഴിഞ്ഞദിവസങ്ങളിൽ വിവിധ പാടങ്ങളിൽ കാർഷിക സർവകലാശാല ശാസ്ത്രജ്ഞർ വിവിധ പാടശേഖരങ്ങൾ സന്ദർശിച്ചിരുന്നു. വിത്തിറക്കുന്നതിന് മുമ്പുണ്ടായ ശക്തമായ കാലവർഷത്തിൽ മണ്ണിലുണ്ടായിരുന്ന പോഷകങ്ങൾ ഒലിച്ചുപോയതാണ് വിളനഷ്ടത്തിന് പ്രധാനകാരണമെന്ന് പറയുന്നു. കൂടാതെ കാട്ടുപ്പന്നി, മയിൽ എന്നിവ മൂലമുണ്ടായ കൃഷിനാശവും നിരവധി പേരെ ബാധിച്ചു.
പതിവുരീതിയിൽ വളപ്രയോഗം നടത്തിയെങ്കിലും പോഷകം കുറഞ്ഞതോടെ പല സ്ഥലങ്ങളിലും വേണ്ടത്ര വളർച്ച ലഭിച്ചില്ല. ഉമ, ജ്യോതി എന്നിവയാണ് പ്രധാനമായും കൃഷിയിറക്കിയത്. ഒരു ഞാറിൽ നിന്ന് കൂടുതൽ നെൽച്ചെടികൾ മുളയ്ക്കാതിരുന്നതും പ്രതികൂലമായി ബാധിച്ചു. വേണ്ടത്ര പുഷ്ടിയോടെയുള്ള വളർച്ച ലഭിക്കാത്തത് മൂലം വൈക്കോൽ വരെ കിട്ടാത്ത സ്ഥിതിയാണെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു. വിളവെടുപ്പിന് തൊട്ടുമുമ്പ് വരെ പല വിധത്തിലുള്ള കീടബാധകളാണ് ഇത്തവണയുണ്ടായത്. മകരമാസം തുടക്കം മുതൽ മുണ്ടകൻ കൃഷിയുടെ വിളവെടുപ്പ് ആരംഭിച്ചു.

പ്രധാനമായും ബാധിച്ച രോഗങ്ങൾ

പൊട്ടാസ്യം മൂലകത്തിന്റെ അഭാവം മൂലമുള്ള മഞ്ഞളിപ്പ്
ബാക്ടീരിയൽ ഇലകരിച്ചിൽ
കുമിൾ രോഗങ്ങളായ ഓലകളിലെ തവിട്ടു പുള്ളിക്കുത്ത്
നെൽമണികളിലെ വർണമാറ്റം
തണ്ടുതുരപ്പൻ ആക്രമണം

കൊയ്ത്ത് യന്ത്രത്തിന് തോന്നുംപടി വാടക

കൊയ്ത്ത് യന്ത്രങ്ങൾക്ക് തോന്നിയ രീതിയിലാണ് വാടക ഈടാക്കുന്നതെന്ന ആക്ഷേപം ശക്തമാണ്. ഇടനിലക്കാർ വഴിയാണ് പല പാടശേഖരങ്ങളിലും യന്ത്രമെത്തുന്നത്. 1400 രൂപ മുതൽ 1600 രൂപ വരെയാണ് മണിക്കൂറിന് വാടക. ഇതിനിടെ പാടശേഖരങ്ങളിൽ വെള്ളം പൂർണ്ണമായും ഒഴുകി പോകാത്തതിനെ തുടർന്ന് ചെളിയിലൂടെയാണ് കൊയ്ത്ത് നടന്നത്.


ഭാവിയിൽ ഈ രീതിയിലുള്ള കൃഷിനാശം ഒഴിവാക്കാനായി സ്വീകരിക്കേണ്ട മുൻകരുതൽ സ്വീകരിക്കാൻ ആവശ്യമായ നിർദ്ദേശം നൽകും. കാലാവസ്ഥ വ്യതിയാനവും പരിചരണക്കുറവും വിളനഷ്ടത്തിന് ഇടയാക്കിയിട്ടുണ്ട്. കൃഷിയിറക്കുന്നതിന് ഒരു മാസം മുമ്പെങ്കിലും കുമ്മായമിടുന്നത് ഗുണകരമാണ്.

ഡോ.വി.എസ്.ചിഞ്ചു
അസി.പ്രൊഫസർ കാർഷിക സർവകലാശാല കമ്മ്യുണിക്കേഷൻ സെന്റർ.