
തൃശൂർ: സാമ്പത്തിക വർഷത്തെ മൂന്നാംപാദത്തിൽ ആകെ വിറ്റുവരവ് 3,435 കോടിയോടെ കല്യാൺ ജുവലേഴ്‌സ് ഇന്ത്യ ലിമിറ്റഡിന് 17 ശതമാനം വളർച്ച. കഴിഞ്ഞ സാമ്പത്തികവർഷം ഇതേകാലയളവിൽ 2,936 കോടിയായിരുന്നു. മൂന്നാം പാദത്തിൽ നികുതി, തേയ്മാന ചെലവ്, പലിശ എന്നിവ കിഴിക്കുന്നതിന് മുമ്പുള്ള വരുമാനം (ഇ.ബി.ഐ.ടി.ഡി.എ) 299 കോടിയായി. കഴിഞ്ഞവർഷം ഇതേ പാദത്തിലേത് 288 കോടിയായിരുന്നു.
ഈ വർഷം മൂന്നാംപാദത്തിൽ ആകമാന ലാഭം 115 കോടിയിൽ നിന്ന് 135 കോടിയായി. മൂന്നാം പാദത്തിൽ കല്യാൺ ജുവലേഴ്‌സിന്റെ ഇന്ത്യയിലെ വ്യാപാരത്തിൽ നിന്നുള്ള വിറ്റുവരവ് 2,497 കോടിയിൽ നിന്ന് 15 ശതമാനം വളർന്ന് 2,880 കോടിയായി. ഇന്ത്യയിലെ വ്യാപാരത്തിൽ നിന്ന് മാത്രമുള്ള വരുമാനം (നികുതിയും മറ്റും കിഴിക്കും മുമ്പുള്ളത്) 253 കോടിയായി. മുമ്പിത് 247 കോടിയായിരുന്നു. ഈ വർഷം മൂന്നാം പാദത്തിൽ ഇന്ത്യയിലെ വ്യാപാരത്തിൽ നിന്നുള്ള ലാഭം മുൻവർഷത്തെ 94 കോടിയിൽ നിന്നും 118 കോടിയായി ഉയർന്നു.
ഗൾഫ് മേഖലയിലും മികച്ച പ്രവർത്തനം കാഴ്ചവച്ച കമ്പനി മുൻവർഷത്തെ അപേക്ഷിച്ച് 24 ശതമാനം വരുമാന വളർച്ച നേടി.
 എല്ലാ പ്രദേശങ്ങളിലും, വിറ്റുവരവിലും ഷോറൂമുകളിലെത്തുന്ന ഉപഭോക്താക്കളുടെ എണ്ണത്തിലും ശക്തമായ വളർച്ചയാണ് രേഖപ്പെടുത്തിയത്. മൂന്നാം പാദത്തിലെ കമ്പനിയുടെ പ്രവർത്തനത്തിൽ വളരെ സംതൃപ്തിയുണ്ട്.
രമേഷ് കല്യാണരാമൻ
കല്യാൺ ജൂവലേഴ്‌സ് എക്‌സിക്യൂട്ടീവ് ഡയറക്ടർ