
തൃശൂർ: കരുവന്നൂർ ബാങ്കിന്റെ പുനരുദ്ധാരണത്തിനായി പാക്കേജ് തയ്യാറാവുന്നതിനിടെ എട്ട് വർഷങ്ങൾക്ക് മുമ്പ് നടന്ന പുത്തൂർ സഹകരണ ബാങ്ക് തട്ടിപ്പിനും പരിഹാരം വേണമെന്ന ആവശ്യം ശക്തമായി. കോൺഗ്രസ് നേതൃത്വത്തിലുള്ള ബാങ്കിൽ 38 കോടിയുടെ തട്ടിപ്പാണ് അരങ്ങേറിയത്.
കരുവന്നൂർ കൺസോർഷ്യം രൂപീകരണം സംബന്ധിച്ച് ജോയിന്റ് രജിസ്ട്രാർ വിളിച്ച യോഗത്തിൽ മുതിർന്ന സഹകാരികൾ പുത്തൂർബാങ്ക് പ്രശ്‌നം ഉന്നയിച്ചിരുന്നു. അഡീഷണൽ രജിസ്ട്രാർ എം.ബിനോയ്കുമാറിന്റെ നേതൃത്വത്തിൽ കഴിഞ്ഞ മാസാവസാനം ചേർന്ന യോഗത്തിൽ സഹകരണ ജനാധിപത്യ വേദി ജില്ലാ ചെയർമാൻ എം.കെ അബ്ദുൾ സലാം കത്ത് നൽകി. ഇത് സർക്കാറിന് കൈമാറുമെന്നാണ് അഡീഷണൽ രജിസ്ട്രാർ നൽകിയ മറുപടി.
കരുവന്നൂരിനൊപ്പം തട്ടിപ്പിലൂടെയും അല്ലാതെയും നഷ്ടത്തിലായ സംസ്ഥാനത്തെ മറ്റ് ബാങ്കുകളുടെ കാര്യത്തിലും തീരുമാനം വേണമെന്നാണ് കോൺഗ്രസ് നിലപാട്. കരുവന്നൂർ കൺസോർഷ്യത്തെ അവർ പരസ്യമായി എതിർക്കുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യം മുൻനിറുത്തിയാണ് സി.പി.എം നേതൃത്വത്തിലുള്ള കരുവന്നൂരിന് മാത്രം പാക്കേജ് പ്രഖ്യാപിക്കുന്നതെന്ന് അവർ കുറ്റപ്പെടുത്തുന്നു.
കോടതി ഉത്തരവും ഫലിച്ചില്ല
തട്ടിപ്പിനെ തുടർന്ന് പുത്തൂർ സഹകരണ ബാങ്കിൽ അഡ്മിനിസ്‌ട്രേറ്റർ ഭരണം ഏർപ്പെടുത്തിയതല്ലാതെ നിക്ഷേപകർക്ക് പണം തിരിച്ചു കൊടുക്കാനായില്ല. കരുവന്നൂർ മോഡൽ തട്ടിപ്പാണ് പുത്തൂരിലും നടന്നത്. വ്യാജ വായ്പാ അപേക്ഷകൾ വഴി അപേക്ഷിച്ചതിലും അധികം തുക അനുവദിച്ചും വ്യാജരേഖ ചമച്ചും തട്ടിപ്പ് നടന്നിരുന്നു. ബാങ്ക് ഭാരവാഹികൾക്ക് എതിരെ കേസെടുത്തു. അറസ്റ്റിലായ പ്രസിഡന്റ് ജാമ്യത്തിലിറങ്ങി. തട്ടിപ്പ് നടത്തിയവരിൽ നിന്നും തുക തിരിച്ചുപിടിക്കാൻ കോടതി ഉത്തരവുണ്ടായെങ്കിലും ഒന്നും നടന്നില്ല. ഇതിനിടെ നിക്ഷേപകരുടെ കൂട്ടായ്മയുണ്ടാക്കാനുള്ള നീക്കം നടക്കുന്നുണ്ട്.