
തൃശൂർ: സിൽവർ ലൈനിന് തത്വത്തിൽ അനുമതി നൽകിയിട്ടില്ലെന്നും, വിദേശ ഫണ്ട് മേടിക്കാൻ അവകാശമില്ലെന്നും കേന്ദ്ര സർക്കാരിന്റെ രേഖാമൂലമുള്ള അറിയിപ്പ് വന്ന സാഹചര്യത്തിൽ നാട്ടുകാരുടെ പറമ്പിൽ പാകിയ മഞ്ഞക്കല്ലിൽ ഇനി പശുവിനെ കെട്ടാമെന്ന് ബി.ജെ.പി നേതാവ് ബി. ഗോപാലകൃഷ്ണൻ. കെ- റെയിൽ പദ്ധതിക്കായി അതിർത്തി നിർണ്ണയിച്ച് പാകിയ മഞ്ഞക്കുറ്റി തിരിച്ച് പറിക്കേണ്ട സാഹചര്യത്തിൽ പോലും , പ്രധാനപ്പെട്ട ഡി.പി.ആർ രേഖകൾ മുഴുവനും സമർപ്പിക്കുന്നതിന് മുൻപ് ബഡ്ജറ്റിൽ കെ-റെയിലിന് പണം ചോദിച്ച് കിട്ടാത്തതിൽ കേന്ദ്ര സർക്കാരിനെ കുറ്റം പറയുന്ന ധനമന്ത്രിക്ക് രണ്ടല്ല നാല് ചങ്കുണ്ടെന്ന് പറയേണ്ടിവരും. 20,000 കുടുംബങ്ങളെ കുടി ഒഴിപ്പിച്ച് ഒരു സ്പീഡ് ട്രെയിനും കൊണ്ടുവരാൻ ബി.ജെ.പി കേരള ഘടകം അനുവദിക്കില്ലെന്നും ഗോപാലകൃഷ്ണൻ പറഞ്ഞു.
3186 പേർക്ക് കൊവിഡ്
തൃശൂർ: 3186 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. 39,342 പേരാണ് ആകെ രോഗബാധിതരായത്. 3,912 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,40,364 ആണ്. 5,97,282 പേരാണ് ആകെ രോഗമുക്തരായത്. നിലവിൽ 33 ക്ലസ്റ്ററുകളാണുള്ളത്. ഇതിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ഹോസ്റ്റലുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, പൊലീസ് സ്റ്റേഷൻ എന്നിവ ഉൾപ്പെടുന്നു. 10,655 സാമ്പിളുകളാണ് പരിശോധനയ്ക്കെടുത്തത്. ഇതുവരെ ആകെ 41,47,313 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.
വിദഗ്ദ്ധസംഘം, നെൽവയൽ സന്ദർശിച്ചു
തൃശൂർ : ഒല്ലൂക്കര ബ്ലോക്കിന് കീഴിലെ വിവിധ പാടശേഖരങ്ങളിൽ പൊട്ടാസിയം മൂലകത്തിന്റെ അഭാവം മൂലമുള്ള മഞ്ഞളിപ്പും, ബാക്ടീരിയൽ ഇലകരിച്ചിൽ, കുമിൾ രോഗങ്ങളായ ഓലകളിലെ തവിട്ടു പുള്ളിക്കുത്ത്, നെൽമണികളിലെ വർണമാറ്റം, തണ്ടുതുരപ്പന്റെ ആക്രമണം എന്നിവ ബാധിച്ചെന്ന് വിദഗ്ദ്ധസംഘത്തിന്റെ കണ്ടെത്തൽ. കീടരോഗ ബാധ മൂലം ശരാശരി 30 ശതമാനം വിള നഷ്ടമുണ്ടായതായി കണക്കാക്കിയിട്ടുണ്ട്. കാർഷിക സർവകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്മ്യൂണിക്കേഷൻ സെന്ററിലെ കൃഷി ശാസ്ത്രജ്ഞരും, കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച ശേഷമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കൊയ്ത്തിനോട് അടുത്തുകൊണ്ടിരിക്കുന്ന സമയമായതിനാൽ നിയന്ത്രണ മാർഗം ഒന്നും ഇനി ഫലപ്രദമല്ല. ഭാവിയിൽ ഈ രീതിയിലുള്ള കൃഷി നാശം ഒഴിവാക്കാനായി സ്വീകരിക്കേണ്ട മുൻകരുതൽ ഡോക്ടർ ചിഞ്ചു.വി.എസ്, അശ്വതി കെ.കെ, അശ്വതി കൃഷ്ണ ആർ, ജാലിയ എം.കെ എന്നിവരടങ്ങുന്ന വിദഗ്ദ്ധസംഘം കർഷകരോട് നിർദ്ദേശിച്ചു.