മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് നടപടി ഊർജിതമാക്കി

കൊടുങ്ങല്ലൂർ: തീരദേശത്ത് തമ്പടിച്ചിട്ടുള്ള മോഷ്ടാക്കളെ പിടികൂടാൻ പ്രധാന സ്ഥലങ്ങളിൽ പൊലീസ് സി.സി.ടി.വി കാമറകൾ സ്ഥാപിക്കുന്നു. പ്രദേശത്തെ പഞ്ചായത്ത് മെമ്പർമാരുടെ സഹായത്തോടെയാണ് കാമറകൾ സ്ഥാപിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കൊടുങ്ങല്ലൂർ, മതിലകം പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ മോഷണം വ്യാപകമാണ്.

നിരവധി മോഷണക്കേസിലെ പ്രതിയായ ഒരാളെ അറസ്റ്റ് ചെയ്തതൊഴിച്ചാൽ അടഞ്ഞുകിടക്കുന്ന വീടുകൾ കുത്തിപ്പൊളിച്ച് കവർച്ച നടത്തുന്ന സംഘത്തിനെതിരെ ചെറുവിരലനക്കാൻ പോലും പൊലീസിനായിട്ടില്ല. വിലടയാളം പോലും അവശേഷിപ്പിക്കാതെയായിരുന്നു മോഷണങ്ങൾ. ഇതേ തുടർന്നാണ് പൊലീസ് നിരീക്ഷണ കാമറകൾ സ്ഥാപിക്കാനൊരുങ്ങുന്നത്.

കച്ചവട സ്ഥാപനങ്ങളിലെയും മറ്റും അകത്ത് സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി കാമറകൾക്ക് പുറമെ റോഡിലെ ദൃശ്യങ്ങൾ കാണുന്നതിനും കാമറകൾ സ്ഥാപിക്കാൻ പൊലീസ് നടപടി ആരംഭിക്കുന്നുണ്ട്. പ്രദേശത്ത് നടന്നിട്ടുള്ള കവർച്ചകളിൽ 99 ശതമാനവും അടഞ്ഞുകിടക്കുന്ന വീടുകൾ കേന്ദ്രീകരിച്ചായിരുന്നു. കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ മാത്രം 500ഓളം വീടുകൾ ആൾതാമസമില്ലാതെ കിടക്കുന്നുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

ഇവരെല്ലാം വിദേശത്തോ മറ്റ് സംസ്ഥാനങ്ങളിലോ താമസിക്കുന്നവരാണ്. പഞ്ചായത്ത് മെമ്പർമാർ വഴി ഇത്തരക്കാരുടെ വീടുകളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ച് കുടുംബാംഗങ്ങൾക്ക് നേരിട്ട് വീട് നിരീക്ഷിക്കാൻ കഴിയുംവിധം സംവിധാനം ഒരുക്കാൻ പൊലീസ് നിർദ്ദേശം നൽകി.

പൂട്ടിക്കിടക്കുന്ന വീടുകളുടെ മുമ്പിൽ രാത്രിയിൽ ലൈറ്റ് ഇല്ലാത്തത് മോഷ്ടാക്കൾക്ക് ഗുണകരമാണ്. ഈ വീടുകളുടെ മുമ്പിൽ ചപ്പ് ചവറുകൾ കിടക്കുന്നതും പുറത്തു നിന്ന് താഴിട്ട് പൂട്ടന്നതും ആളില്ലാത്ത ലക്ഷണമായി മോഷ്ടാക്കൾ കാണുന്നുണ്ട്. ഇത് ഒഴിവാക്കണം.

കെ. ബ്രിജുകുമാർ

സർക്കിൾ ഇൻസ്പെക്ടർ