stationഅഴീക്കോട് ഫിഷറീസ് സ്റ്റേഷൻ.

കൊടുങ്ങല്ലൂർ: തീരദേശവാസികളുടെ ചിരകാല സ്വപ്നമായ അഴീക്കോട് ഫിഷറീസ് സ്റ്റേഷൻ പ്രവർത്തനക്ഷമമാക്കുന്നതിനുള്ള നടപടികൾക്ക് തുടക്കം. അഴീക്കോട്, പൊന്നാനി, ആലപ്പുഴ, കാസർകോഡ് എന്നിവിടങ്ങളിലെ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാൻ ഫിഷറീസ് വകുപ്പ് തീരുമാനിച്ചതോടെയാണ് തീരവാസികളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നത്. കയ്പമംഗലം നിയോജക മണ്ഡലത്തിൽ എറിയാട് പഞ്ചായത്തിലെ അഴീക്കോടാണ് ഫിഷറീസ് സ്റ്റേഷൻ നിർമ്മിച്ചിരിക്കുന്നത്.

ജില്ലയിൽ 16 പഞ്ചായത്തുകളിൽ വ്യാപിച്ചു കിടക്കുന്ന പദ്ധതി 2019 ജനുവരി 11ന് അന്നത്തെ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മയാണ് ഉദ്ഘാടനം ചെയ്തത്. എന്നാൽ കൊവിഡ് പ്രതിസന്ധി മൂലം സ്റ്റേഷനിൽ ഉദ്യോഗസ്ഥരെ നിയമിച്ച് പ്രവർത്തനമാരംഭിക്കാൻ സാധിച്ചിരുന്നില്ല. ഉത്തരവ് നിലവിൽ വരുന്നതോടെ ഫിഷറീസ് സ്റ്റേഷനിൽ ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ് ഓഫീസർ, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് ഗ്രേഡ് 2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാർഡിന്റെ മൂന്ന് തസ്തികകളും ലഭിക്കും. കാഷ്വൽ സ്വീപ്പറെ കരാർ വ്യവസ്ഥയിൽ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കാനാണ് സർക്കാർ അനുമതി നൽകിയിരിക്കുന്നത്.

ഫിഷറീസ് സ്റ്റേഷന്റെ പ്രവർത്തനം

അഴീക്കോട് മുതൽ ചേറ്റുവ വരെയുള്ള തീരദേശത്തെ നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുക, കടൽ നിയമങ്ങൾ പാലിച്ച് അനധികൃത മത്സ്യബന്ധനം തടയുക, അപകടത്തിൽപ്പെടുന്ന മത്സ്യതൊഴിലാളികളെ രക്ഷപ്പെടുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഫിഷറീസ് സ്റ്റേഷൻ സജ്ജീകരിച്ചിരിക്കുന്നത്. മത്സ്യതൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിനും, കടലിൽവച്ചുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കുവാനും മറൈൻ എൻഫോഴ്‌സ്‌മെന്റിന്റെയും കടൽസുരക്ഷാ ഗാർഡുകളുടെ പ്രവർത്തനമുണ്ടാകും.