tol-plasa-samaram

പുതുക്കാട്: പാലിയേക്കര ടോൾ പ്ലാസയിൽ തദ്ദേശീയർക്ക് അനുവദിച്ച ആനുകൂല്യങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കെ.കെ.രാമചന്ദ്രൻ എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ ടോൾ പ്ലാസ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വീടുകളിലും സ്ഥാപനങ്ങളിലുമുള്ള വാഹനങ്ങളിൽ ഓരോ വാഹനത്തിന് മാത്രം യാത്രാ സൗജന്യം നിജപ്പെടുത്തിയ ടോൾ പ്ലാസ അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ചായിരുന്നു രാവിലെ പത്തോടെ സമരം ആരംഭിച്ചത്. എം.എൽ.എക്കൊപ്പം കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ആർ.രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്റുമാരായ ടി.എസ്.ബൈജു, ഇ.കെ.അനൂപ്, ജില്ലാ പഞ്ചായത്തംഗങ്ങളായ വി.എസ്.പ്രിൻസ്, സരിത രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ അഡ്വ.അൽജോ പുളിക്കൻ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ശിവരാമൻ, ഏരിയ കമ്മറ്റി അംഗങ്ങളായ എൻ.എൻ.ദിവാകരൻ തുടങ്ങിയവരും സമരത്തിൽ പങ്കെടുത്തു. സമരം അറിഞ്ഞ് സ്ഥലത്തെത്തിയ സി.പി.എം പ്രവർത്തകർ ടോൾ പ്ലാസ തുറന്ന് വാഹനങ്ങൾ കടത്തി വിട്ടു. വിവരമറിഞ്ഞ കളക്ടർ ഫോണിലൂടെ ടോൾപ്ലാസ അധികൃതരുമായി ചർച്ച നടത്തി. തദ്ദേശീയർക്ക് അനുവദിച്ച സൗജന്യം തുടരാനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉൾപ്പെടെയുള്ള സർക്കാർ വാഹനങ്ങൾ എമർജൻസി ട്രാക്കിലൂടെ കടത്തിവിടാനും നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചതോടെ സമരം ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ അവസാനിപ്പിച്ചു. റവന്യൂമന്ത്രി കെ.രാജൻ ഉൾപ്പടെയുള്ളവരെ പങ്കെടുപ്പിച്ച് വിപുലമായ യോഗം ഉടനെ വിളിച്ചു ചേർക്കുമെന്നും കളക്ടർ അറിയിച്ചു.