1
നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപാസിനുള്ള സ്ഥലം സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം പരിശോധിക്കുന്നു.

വടക്കാഞ്ചേരി: നിർദ്ദിഷ്ട വടക്കാഞ്ചേരി ബൈപാസ് നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പാത പൂർണമായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളോടൊപ്പം കെ.ആർ.എഫ്.ബി ക്വാളിറ്റി കൺട്രോൾ എക്‌സിക്യൂട്ടീവ് എൻജിനിയർമാരുടെ നേതൃത്വത്തിലുള്ള സംഘം സന്ദർശനം നടത്തി. നിർദ്ദിഷ്ട അലൈൻമെന്റിൽ ഒരു പുഴപ്പാലവും ഒരു റെയിൽവേ ഓവർ ബ്രിഡ്ജും ഉൾപ്പെടുന്നുണ്ട്. ആ സ്ഥലങ്ങളിൽ വിശദമായ മണ്ണ് പരിശോധനയും മറ്റ് പരിശോധനകളും ആവശ്യമാണ്. ഡിസൈൻ പ്രവർത്തനങ്ങൾ പൂർത്തിയാകുന്ന മുറയ്ക്കാണ് ഡി.പി.ആർ തയ്യാറാക്കി നിർമ്മാണ പ്രവർത്തനം ആരംഭിക്കാനാവുക.
ബൈപാസ് നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനായി അഡീഷണൽ ഇൻവെസ്റ്റിഗേഷൻ പൂർത്തിയാക്കി ഫൈനൽ അലൈൻമെന്റ് തീരുമാനിച്ച് മുന്നോട്ടു പോകുന്നതിനായി സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയുടെ നേതൃത്വത്തിൽ ബന്ധപ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു.
ബൈപാസ് നിർമ്മാണ പ്രവർത്തനത്തിന് വേഗത വർദ്ധിപ്പിക്കാൻ ആവശ്യമായ തീരുമാനങ്ങൾ യോഗം കൈക്കൊണ്ടു. അഡീഷണൽ ഇൻവെസ്റ്റിഗേഷൻ ത്വരിത ഗതിയിൽ മുന്നോട്ടുകൊണ്ടുപോകാനും യോഗം തീരുമാനിച്ചു. ഡിസൈൻ വിംഗുമായി ബന്ധപ്പെട്ട ജോലികൾ എത്രയും വേഗം പൂർത്തീകരിച്ച് ഡിസൈന് അന്തിമരൂപം നൽകുന്ന പ്രവർത്തനം വേഗത്തിലാക്കാനും ഡിസൈൻ വിംഗ് ഉന്നത ഉദ്യോഗസ്ഥരെക്കൂടി ചേർത്ത് സ്ഥലം സന്ദർശിക്കുവാനും യോഗം തീരുമാനിച്ചു. റെയിൽവേയുമായി ബന്ധപ്പെട്ട അനുമതികൾ നേടിയെടുക്കുന്നതിനായുള്ള കാര്യങ്ങൾ വേഗത്തിലാക്കാൻ യോഗം തീരുമാനിച്ചു. ബൈപാസിന്റെ പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടു കൊണ്ടുപോകുന്നതിന് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും അർപ്പണവും ഏവരുടെയും സഹകരണവും ഉണ്ടാകണമെന്ന് എം.എൽ.എ യോഗത്തിൽ അഭ്യർത്ഥിച്ചു.
2017-18 സാമ്പത്തിക വർഷത്തിൽ വടക്കാഞ്ചേരി ബൈപാസിനായി 20 കോടി രൂപ കിഫ്ബി ഫണ്ട് അനുവദിക്കുകയും 5 ലക്ഷം രൂപ ചെലവിൽ ഇൻവെസ്റ്റിഗേഷൻ നടത്തി അലൈൻമെന്റിന്റെ രൂപരേഖ തയ്യാറാക്കുകയും ചെയ്തിരുന്നു. തുടർന്ന് വേണ്ട അഡീഷണൽ ഇൻവെസ്റ്റിഗേഷന് 10 ലക്ഷം രൂപ അനുവദിച്ചിരുന്നു.

ബൈപാസ് നാലുവരിപ്പാതയായി

23 മീറ്റർ വീതിയിൽ 5.3 കിലോമീറ്റർ നാലുവരിപ്പാതയായാണ് നിർദ്ദിഷ്ട ബൈപാസ്. ഏകദേശം 30 ഏക്കർ ഭൂമി ഇതിനായി ഏറ്റെടുക്കേണ്ടി വരുമെന്ന് കണക്കാക്കപ്പെടുന്നു. പരമാവധി വീടുകളും കെട്ടിടങ്ങളും ഒഴിവാക്കിയാണ് നിർദ്ദിഷ്ട അലൈൻമെന്റ് കടന്നുപോകുന്നത്.