ദേശീയപാതയിലേക്ക് പ്രവേശിക്കുന്ന പുളിക്കൻ റോഡ് അടച്ചുകെട്ടിയ നിലയിൽ.
പുതുക്കാട്: ദേശീയപാത വികസനത്തിന്റെ പേരുപറഞ്ഞ് പുതുക്കാട് പള്ളിക്കു മുന്നിലൂടെയുള്ള പുളിക്കൻ റോഡ് അടച്ചുകെട്ടി. സർവീസ് റോഡിലേയ്ക്ക് പ്രവേശിക്കാനുള്ള എളുപ്പ വഴിയാണ് ദേശീയപാത അധികൃതർ അടച്ചുകെട്ടിയത്. പുതുക്കാട് റെയിൽവേ സ്റ്റേഷൻ റോഡ് വീതി കൂട്ടി മെക്കാഡം ടാറിംഗ് നടത്തിയെങ്കിലും ദേശീയപാത മുതൽ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് വരെയുള്ള റോഡിന് ഇരുവശത്തെയും കൈയ്യേറ്റം ഒഴിപ്പിക്കാത്തതിനാൽ റോഡിന് വീതി വളരെ കുറവാണ്. അതിനാൽ ദേശീയപാത സിഗ്‌നൽ ജംഗ്ഷനിലേക്ക് പ്രവേശിക്കുന്നിടത്ത് മുഴുവൻ സമയവും ഗതാഗത കുരുക്കാണ്. എന്നാൽ പുളിക്കൻ റോഡ് വഴി വാഹനങ്ങൾക്ക് ദേശീയപാതയുടെ സർവീസ് റോഡിലേയ്ക്ക് എളുപ്പത്തിൽ എത്താനാകും. സൗകര്യപ്രദമായ ഈ റോഡ് അടച്ചതിനെതിരെ പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടർ ഉൾപ്പടെയുള്ളവരും ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി അന്വേഷണം നടത്തുകയും ആവശ്യം ന്യായമാണെന്ന് വിലയിരുത്തുകയും ചെയ്തു. ദേശീയപാതയുടെ സർവീസ് റോഡിലേക്ക് പ്രവേശിക്കുന്നിടത്ത് റോഡ് തുറക്കാൻ അധികം ഭൂമി ആവശ്യമാണെന്നും പഞ്ചായത്ത് ഭൂമി നൽകിയാൽ പാത തുറന്ന് കൊടുക്കാൻ തയ്യാറാണെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിരുന്നു.
ഇതിനിടെ സർവീസ് റോഡിന്റെ വശം കൂടുതൽ ഉയർത്തി കോൺക്രീറ്റ് ചെയ്യുന്ന പ്രവൃത്തികൾ ആരംഭിച്ചിരിക്കുകയാണ് അധികൃതർ. റോഡിന്റെ വശം ഉയരുന്നതോടെ പുളിക്കൻ റോഡിലേയ്ക്കുള്ള വഴി എന്നന്നേക്കുമായി അടയും. വശങ്ങൾ ഉയർത്തുന്ന പ്രവൃത്തികൾ പൂർത്തീകരിക്കുന്നതിന് മുമ്പ് അടച്ചുകെട്ടിയ പുളിക്കൻ റോഡ് തുറന്നു കൊടുക്കാൻ വേണ്ട നടപടികൾ ഗ്രാമ പഞ്ചായത്ത് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.