പെരിങ്ങോട്ടുകര: മൂന്നും കൂടിയ സെന്ററിൽ പ്രവർത്തിക്കുന്ന സബ് പോസ്റ്റ് ഓഫീസിൽ മോഷണശ്രമം. ഓഫീസ് കൗണ്ടർ, കമ്പ്യൂട്ടർ, പ്രിന്റർ, തപാൽ ഉരുപ്പടികൾ, പാസ്ബുക്കുകൾ എന്നിവ തീയിട്ടു നശിപ്പിച്ചു. മുൻ വശത്തെ വാതിൽ കുത്തിപ്പൊളിച്ച നിലയിലാണ്. ഇതു വഴിയാണ് അക്രമികൾ അകത്ത് കടന്നതെന്ന് കരുതുന്നു.
മുൻവശത്തെ വാതിലിന്റെ രണ്ട് പൂട്ടുകളും തകർത്ത നിലയിലാണ്. പിൻവാതിലിന്റെ പൂട്ടുകളും തകർത്തിട്ടുണ്ട്. വാതിൽ തുറന്നുകിടക്കുന്ന രീതിയിലായിരുന്നു. രാവിലെ താത്കാലിക ജീവനക്കാരി ലീല ഓഫീസ് തുറക്കാൻ എത്തിയപ്പോഴാണ് വാതിൽ കുത്തിപ്പൊളിച്ച നിലയിൽ കണ്ടെത്തിയത്. വിവരം അറിയിച്ചതിനെ തുടർന്ന് ഓഫീസ് ജീവനക്കാർ സ്ഥലത്തെത്തി.
പൊലീസെത്തി പരിശോധിച്ചപ്പോഴാണ് ഓഫീസിനുള്ളിലെ വസ്തുക്കൾ തീവച്ച് നശിപ്പിച്ച നിലയിൽ കണ്ടത്. കമ്പ്യൂട്ടറും ബന്ധപ്പെട്ട ഉപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചതിനാൽ നഷ്ടപ്പെട്ട തപാൽ ഉരുപ്പടികളും മറ്റു രേഖകളും എത്രത്തോളമാണെന്ന് തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. മുഴുവൻ ഉപകരണങ്ങളും ഫയലുകളും കരിപിടിച്ച നിലയിലാണ്. ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. ബാബു കെ. തോമസ്, അന്തിക്കാട് എസ്.എച്ച്.ഒ അനീഷ് കരീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഫോറൻസിക് വിഭാഗം, വിരലടയാള വിദഗ്ദ്ധർ, ഡോഗ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തിയിരുന്നു.