
തൃശൂർ : കൊവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ പ്രതിരോധപ്രവർത്തനങ്ങളിൽ സഹകരണം ഉറപ്പുവരുത്താനായി മന്ത്രി കെ.രാധാകൃഷ്ണന്റെ സാന്നിദ്ധ്യത്തിൽ മതമേലദ്ധ്യക്ഷന്മാരുടെ യോഗം ചേർന്നു. സർക്കാർ കൈക്കൊള്ളുന്ന കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി പൂർണാർത്ഥത്തിൽ സഹകരിക്കുമെന്ന് യോഗത്തിൽ പങ്കെടുത്തവർ ഉറപ്പു നൽകി. കൊവിഡ് ഒന്നും രണ്ടും തരംഗങ്ങളിലേതിനേക്കാൾ കൂടുതൽ പോസിറ്റീവ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും അതിനാൽ ഇടക്കാലത്ത് കൈവിട്ടുപോയ ജാഗ്രത തിരിച്ചുപിടിക്കണമെന്നും മന്ത്രി അഭ്യർത്ഥിച്ചു. സമൂഹത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന വിഭാഗം എന്ന നിലയിൽ മതമേലദ്ധ്യക്ഷൻമാർക്ക് ഇക്കാര്യത്തിൽ കൂടുതൽ കാര്യങ്ങൾ ചെയ്യാനാകും. കൊവിഡ് പെരുമാറ്റച്ചട്ടം പാലിച്ച് ആരാധനാകർമ്മങ്ങൾ, ഉത്സവങ്ങൾ, എഴുന്നള്ളിക്കാവുന്ന ആനകളുടെ എണ്ണം തുടങ്ങിയ കാര്യങ്ങളിൽ ഇളവനുവദിക്കുന്നത് പരിഗണിക്കണമെന്ന് യോഗത്തിൽ സംസാരിച്ച പ്രതിനിധികൾ പറഞ്ഞു. ഓൺലൈനായി നടന്ന യോഗത്തിൽ എം.എൽ.എമാരായ ടൈസൺ മാസ്റ്റർ, എൻ.കെ അക്ബർ, ജില്ലാ കളക്ടർ ഹരിത വി. കുമാർ, ഡി.പി.എം ഡോ.രാഹുൽ, ഡെപ്യൂട്ടി കളക്ടർ (ഡി.എം) ഐ.ജെ മധുസൂദനൻ, മത മേലദ്ധ്യക്ഷന്മാർ തുടങ്ങിയവർ പങ്കെടുത്തു.
ദിവ്യബലിക്ക് പങ്കെടുക്കാൻ അനുമതി
ആവശ്യപ്പെട്ട് കത്തയക്കും
തൃശൂർ : ദിവ്യബലിയര്‍പ്പണം ഓണ്‍ലൈന്‍ വഴി കാണാന്‍ നിര്‍ബന്ധിക്കുന്ന സര്‍ക്കാര്‍ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഞായറാഴ്ച ലോക്ക്ഡൗണിനെതിരെ പ്രതിഷേധവുമായി തൃശൂര്‍ അതിരൂപത രംഗത്ത്.
ഞായറാഴ്ചകളില്‍ ദിവ്യബലിയില്‍ പങ്കെടുക്കുന്നതിന് അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്കും മുഖ്യമന്ത്രിക്കും അതിരൂപത കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇടവകകളില്‍ നിന്നും കത്തയക്കും.
3426 പേർക്ക് കൊവിഡ്
തൃശൂർ : 3,426 പേർക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. കൊവിഡ് ബാധിച്ച് വിവിധ ആശുപത്രികളിൽ നിലവിൽ ചികിത്സയിലുള്ള 856 പേരും വീട്ടു നിരീക്ഷണത്തിലുള്ള 37,293 പേരും ചേർന്ന് 41,575 പേരാണ് ആകെ രോഗബാധിതരായത്. 1,034 പേർ രോഗമുക്തരായി. ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 6,43,790 ആണ്. 5,98,316 പേരാണ് ആകെ രോഗമുക്തരായത്. വെള്ളിയാഴ്ച സമ്പർക്കം വഴി 3,389 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇന്നലെ റിപ്പോർട്ട് ചെയ്ത ഒരു ക്ലസ്റ്ററും ചേർത്ത് നിലവിൽ 33 ക്ലസ്റ്ററാണുള്ളത്. 11,183 സാമ്പിളുകളാണ് പരിശോധനയ്ക്ക് എടുത്തത്. ഇതുവരെ 48,30,141 ഡോസ് വാക്സിൻ വിതരണം ചെയ്തു. ഇതിൽ 22,10,146 പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.