പാവറട്ടി: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയുടെ ഫോക്കസ് ഏരിയയുമായി ബന്ധപ്പെട്ട ചോദ്യപേപ്പർ ഘടനയിലെ അശാസ്ത്രീയത സർക്കാർ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കെ.പി.എസ്.ടി.എ മുല്ലശ്ശേരി ഉപജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുല്ലശ്ശേരി എ.ഇ.ഒ ഓഫീസിന് മുന്നിൽ ധർണ നടത്തി. ഫോക്കസ് ഏരിയയെ അടിസ്ഥാനപ്പെടുത്തി ചോദ്യപേപ്പർ ഘടന പുനക്രമീകരിക്കാൻ വിദ്യാഭ്യാസ മന്ത്രി തയ്യാറാകണമെന്ന് ധർണ ഉദ്ഘാടനം ചെയ്ത സംസ്ഥാന കൗൺസിൽ അംഗം എൻ.ആർ. അജിത്പ്രസാദ് അഭിപ്രായപ്പെട്ടു. 2012 ന് ശേഷം പ്രീപ്രൈമറിയിൽ നിയമിതരായ മുഴുവൻ അദ്ധ്യാപകർക്കും ശമ്പളം നൽകാൻ സർക്കാർ തയ്യാറാകണമെന്നും സമരക്കാർ ആവശ്യപ്പെട്ടു. റവന്യു ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ജെയ്സൺ മുഖ്യപ്രഭാഷണം നടത്തി. ഉപജില്ലാ പ്രസിഡന്റ് ബോബി ജോസ് അദ്ധ്യക്ഷനായി. ജിത്സൺ തോമസ്, സി.എഫ്. ജെയ്സൺ, ഡോമനിക് സാവിയോ, അഭിലാഷ് ജോണി, ബനിയാം ഡെല്ലി എന്നിവർ പ്രസംഗിച്ചു.