
തൃശൂർ : വേനൽ കടുക്കുമ്പോൾ വീടുകളിൽ ഉഗ്രവിഷമുള്ള പാമ്പുകളെത്താമെന്ന് വനം വകുപ്പ്. പ്രജനന സമയത്തും, ചൂട് കൂടുതലുള്ള സമയത്തും പാമ്പുകളെ ധാരാളമായി വീടുകളുടെ ചുറ്റുപാടുകളിൽ കാണാൻ സാദ്ധ്യതയേറെയാണ്. അത്തരം സാഹചര്യങ്ങളിൽ വീടിനകത്തോ പെരുമാറുന്ന ഇടങ്ങളിലോ അവയെ കണ്ടാൽ വനം വകുപ്പിനെ അറിയിക്കണം. കുരങ്ങൻ, മരപ്പട്ടി, ഉടുമ്പ് എന്നിവയെ കണ്ടാലും വനം വകുപ്പിനെ അറിയിക്കണം. വനം വകുപ്പിന്റെ അംഗീകൃത റെസ്‌ക്യൂവർമാരല്ലാതെ മറ്റാർക്കും പാമ്പുകളെ പിടികൂടാനോ കൊണ്ടുപോകാനോ അനുവാദമില്ല. ചൂട് കൂടുതലുള്ള സമയങ്ങളിൽ പാമ്പുകളുടെ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്നതിനാൽ വിഷത്തിന്റെ വീര്യം കൂടാനുള്ള സാദ്ധ്യതയേറെയാണെന്നും ഡോക്ടർമാർ പറയുന്നു. വീടുകൾക്ക് ചുറ്റും മതിലുകളും മറ്റുമായി ആവാസ വ്യവസ്ഥയിൽ മാറ്റങ്ങൾ വന്നതോടെ വീര്യം കൂടുമെന്നും കടിച്ചാൽ കൂടുതൽ വിഷം ശരീരത്തിൽ കയറുമെന്നും ചൂണ്ടിക്കാണിക്കുന്നു. വാവ സുരേഷിന് മൂർഖന്റെ കടിയേറ്റതോടെയാണ് പാമ്പ് പിടുത്തം സംബന്ധിച്ച് വനം വകുപ്പ് നടപടികൾ കർശനമാക്കിയത്.
അനുമതിയില്ലെങ്കിൽ തടവ്
വനംവകുപ്പിന്റെ സർട്ടിഫിക്കറ്റില്ലാത്തവർ പാമ്പിനെ പിടിക്കുന്നത് വന്യജീവി സംരക്ഷണനിയമപ്രകാരം കുറ്റകൃത്യമാണ്. വനംവകുപ്പിന്റെ അംഗീകാരമില്ലാത്തവർ പാമ്പിനെ പിടിക്കരുത്. ചേര, നീർക്കോലി, രാജവെമ്പാല, ചേനത്തണ്ടൻ, അണലി, മൂർഖൻ തുടങ്ങിയ പാമ്പുകളെ അംഗീകാരമില്ലാത്തവർ പിടിക്കുന്നത് മൂന്നു മുതൽ ഏഴുവരെ വർഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
വിളിപ്പുറത്തുണ്ട് ഇവർ
പാമ്പിനെ പിടിക്കാൻ അംഗീകാരമുള്ള 80ലേറെ പേർ തൃശൂർ വനവത്ക്കരണ വിഭാഗത്തിന് കീഴിലുണ്ടെങ്കിലും അറുപതോളം പേരാണ് സജീവമായിട്ടുള്ളത്. ഇതിൽ വനം വകുപ്പിലെ ജീവനക്കാർക്ക് പുറമേ വനം വകുപ്പിന് കീഴിൽ പാമ്പുകളെ പിടിക്കാൻ പ്രത്യേക പരിശീലനം നേടിയ 20 ലേറെ വളണ്ടിയർമാരുമുണ്ട്. ജീവനക്കാർക്ക് ജോലി സംബന്ധമായ മാറ്റങ്ങളും മറ്റ് ജോലികളുമുള്ളതിനാൽ ഒരേ സ്ഥലങ്ങളിൽ ഉണ്ടാകാറില്ല. അതുകൊണ്ട് പരിശീലനം നേടിയ വളണ്ടിയർമാരാണ് കൂടുതലും രംഗത്തുള്ളത്.
പാമ്പ് കടിയേറ്റാൽ ചികിത്സാ സഹായം
പാമ്പ് കടിയേറ്റാൽ ആവശ്യമായ ചികിത്സയ്ക്ക് 75,000 രൂപ വരെ വനം വകുപ്പിൽ നിന്നും സഹായം ലഭിക്കും. ഇതിനായി ആശുപത്രി ചെലവുമായി ബന്ധപ്പെട്ട ബില്ലും രേഖകളും സഹിതം അക്ഷയ കേന്ദ്രം വഴി അപേക്ഷിക്കണം. സ്ഥായിയായ അംഗവൈകല്യം സംഭവിച്ചാൽ രണ്ട് ലക്ഷം രൂപ വരെ നഷ്ടപരിഹാരം അനുവദിക്കും. ചികിത്സ നടത്തിയ രജിസ്റ്റേർഡ് മെഡിക്കൽ ഓഫീസർ സാക്ഷ്യപ്പെടുത്തിയ ബില്ലുകൾ സഹിതമാണ് അപേക്ഷിക്കേണ്ടത്. അപേക്ഷ സമർപ്പിക്കുന്ന തീയതി വരെ ഉള്ള ബില്ലുകൾ, ആശുപത്രിയിൽ പോകാൻ ഉപയോഗിച്ച വണ്ടിയുടെ ട്രിപ്പ് ഷീറ്റ് എന്നിവയും പരിക്കേറ്റയാളുടെ ആധാർ കാർഡ്, ബാങ്ക് പാസ് ബുക്ക് ആദ്യ പേജ്, ആശുപത്രി രേഖകൾ, പാമ്പ് കടിച്ചതാണെന്നുള്ള ഡോക്ടറുടെ സർട്ടിഫിക്കറ്റ് എന്നിവ ഉൾപ്പെടെ അപേക്ഷിക്കണം. പട്ടിക വർഗത്തിൽപെട്ടവരാണെങ്കിൽ വിശ്രമ ദിവസങ്ങൾക്കുള്ള തൊഴിൽ ദിന നഷ്ടപരിഹാരവും ലഭിക്കും. മരണപ്പെട്ടവരുടെ ആശ്രിതർക്ക് സമാശ്വാസ ധനസഹായം രണ്ട് ലക്ഷം രൂപ വരേയും ലഭിക്കും.
ഇവരെ വിളിക്കാം
തൃശൂർ വനവത്കരണ വിഭാഗത്തിന് കീഴിലുള്ള വളണ്ടിയർമാർ
ജോജു (ജില്ലാ കോർഡിനേറ്റർ) : 9745547906
തൃശൂർ വനവത്കരണ വിഭാഗം ഫോൺ നമ്പർ 04872422946
വീടുകളിലും മറ്റും പാമ്പുകളെ കണ്ടാൽ സ്വയം പിടിക്കാതെ വനം വകുപ്പ് ജീവനക്കാരെയോ വളണ്ടിയർമാരെയോ വിവരം അറിയിക്കണം.
ബി.സജീഷ് കുമാർ
ഡെപ്യുട്ടി ഫോറസ്റ്റ് കൺസർവേറ്റർ തൃശൂർ