
തൃശൂർ : ജയിൽ ഉദ്യോഗസ്ഥരുടെ പരിശീലന കേന്ദ്രമായ സിക്ക വിയ്യൂർ മേഖല കേന്ദ്രത്തിലെ 29 അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ട്രെയിനികളുടെ പാസിംഗ് ഔട്ട് പരേഡ് വിയ്യൂർ സിക്ക പരേഡ് ഗ്രൗണ്ടിൽ നടന്നു. പരേഡിൽ മദ്ധ്യമേഖല ജയിൽ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ സാം തങ്കയ്യൻ സല്യൂട്ട് സ്വീകരിച്ചു. വിയ്യൂർ സിക്ക മേഖലാ കേന്ദ്രത്തിന്റെ ചുമതല വഹിക്കുന്ന വിയ്യൂർ ജില്ലാ ജയിൽ സൂപ്രണ്ട് കെ. അനിൽകുമാർ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വിയ്യൂർ സെൻട്രൽ പ്രിസൺ ആൻഡ് കറക്ഷണൽ ഹോം സൂപ്രണ്ട് സാജൻ ആർ, വിയ്യൂർ അതീവ സുരക്ഷാ ജയിൽ സൂപ്രണ്ട് സുനിൽകുമാർ ബി. എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ബെസ്റ്റ് ഓൾറൗണ്ടറായി ജെയ്സൻ ജോസഫ്, പരിശീലന മികവിന് ബെസ്റ്റ് ഇൻഡോർ എം.എസ്.അജിത് കുമാർ, ബെസ്റ്റ് ഔട്ട്ഡോറായി ദിനകരൻ , ബെസ്റ്റ് ഷൂട്ടറായി വിജോയ് കെ.എസ് എന്നിവർക്ക് ഉപഹാരം സമ്മാനിച്ചു.
തിരുവനന്തപുരം,വിയ്യൂർ, കണ്ണൂർ സിക്ക കേന്ദ്രങ്ങളിലായി ആകെ 129 ട്രെയിനികളാണ് അടിസ്ഥാന പരിശീലനം വിജയകരമായി പൂർത്തീകരിച്ചത്. മികച്ച രീതിയിൽ പരിശീലനം പൂർത്തീകരിച്ചതിന് ട്രെയിനിംഗ് ഓഫീസർ അസിസ്റ്റന്റ് സൂപ്രണ്ട് രാജേഷ് കുമാർ എ, ട്രെയിനർമാരായ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ ഡെന്നി ജോയ് , അസിസ്റ്റന്റ് പ്രിസൺ ഓഫീസർ അജീഷ് എ.സി എന്നിവരെ ഡി.ഐ.ജി അനുമേദിച്ചു.
കാൻസർ ദിനം ആചരിച്ചു
തൃശൂർ : കാൻ തൃശൂർ പദ്ധതിയുടെ ഭാഗമായി ജില്ലാ മെഡിക്കൽ ആഫിസിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ലോക കാൻസർ ദിനാചരണത്തിന്റെ ജില്ലാ തല ഉദ്ഘാടനം മന്ത്രി ഡോക്ടർ ആർ.ബിന്ദു നിർവഹിച്ചു. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഡേവിസ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. കളക്ടർ ഹരിത വി.കുമാർ, ജില്ലാ മെഡിക്കൽ ഓഫീസർ ഡോക്ടർ എൻ.കെ.കുട്ടപ്പൻ, ഡോക്ടർമാരായ സതീഷ് കെ.എൻ, പ്രേമകുമാർ ടി.കെ., ജയന്തി കെ.ടി, യു.ആർ രാഹുൽ, കാവ്യ കരുണാകരൻ, കാൻ തൃശൂർ നോഡൽ ഓഫീസർ രാജു പി.കെ, ഹരിതാ ദേവി ടി.എ എന്നിവർ സംസാരിച്ചു. 'സ്ത്രീകളും കാൻസറും' എന്ന വിഷയത്തിൽ സംഘടിപ്പിച്ച വെബിനാറിൽ ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഒങ്കോളജിസ്റ്റ് ഡോക്ടർ അനു സിജി ചിറമ്മൽ ക്ലാസ്സ് നയിച്ചു.
ഹോട്ടലുടമയുടെ കൊലപാതകം: സുരക്ഷിതത്വം ഉറപ്പ് വരുത്തണം
തൃശൂർ: കണ്ണൂരിൽ ഹോട്ടലുടമയെ കുത്തിക്കൊന്ന പ്രതികൾക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന നടപടികൾ അധികാരികളുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും സുരക്ഷിതമായ കച്ചവട സാഹചര്യം ഉറപ്പുവരുത്തണമെന്നും കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡന്റ് അമ്പാടി ഉണ്ണിക്കൃഷ്ണൻ അദ്ധ്യക്ഷനായി. സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സി.ബിജുലാൽ, സംസ്ഥാന സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ ഈച്ചരത്ത്, ജില്ലാ സെക്രട്ടറി വിനേഷ് വെണ്ടൂർ, ജി.കെ.പ്രകാശ്, സുന്ദരൻ നായർ, വി.ജി.ശേഷാദ്രി, വി.ആർ.സുകുമാർ, പി.എ.ജയൻ എന്നിവർ പ്രസംഗിച്ചു.