news-photo

ഗുരുവായൂർ: ഭക്തിനിറവിൽ ഇടത്തരികത്തു കാവ് ഭഗവതിക്ക് താലപ്പൊലി. ഗുരുവായൂർ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവിൽ ഭഗവതിക്ക് ഇത്തവണ ആഘോഷങ്ങൾ ഒഴിവാക്കി കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചടങ്ങ് മാത്രമായിട്ടായിരുന്നു താലപ്പൊലി. രാവിലെ 11.30ന് ഗുരുവായൂരപ്പന്റെ നട അടച്ചശേഷം 12 മണിയോടെ ഭഗവതിയെ ആനപ്പുറത്ത് എഴുന്നള്ളിച്ചു. പല്ലാവൂർ ശ്രീധരമാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി.

പഞ്ചവാദ്യം സമാപിച്ചശേഷം ഗുരുവായൂർ ശശിമാരാരുടെ നേതൃത്വത്തിൽ പാണ്ടിമേളത്തിന്റെ അകമ്പടിയിൽ ദേവിയെ ക്ഷേത്രമതിലകത്തിന് പുറത്തേക്ക് എഴുന്നള്ളിച്ചു. തുടർന്ന് കോമരം നടയ്ക്കൽ പറ സ്വീകരിച്ചു. ഇക്കുറി ഭക്തരുടെ വഴിപാടായി പറ വയ്ക്കുന്നത് ഒഴിവാക്കിയിരുന്നു. ദേവസ്വം വക 13 പറ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പറ ചൊരിഞ്ഞശേഷം നാഗസ്വരത്തിന്റെ അകമ്പടിയോടെ കുളപ്രദക്ഷിണമായി അകത്തേക്ക് എഴുന്നള്ളിച്ചു.

ക്ഷേത്ര ചടങ്ങുകൾ പൂർത്തിയാക്കി രാവിലെ 11.30ന് അടച്ച ക്ഷേത്രനട ഭഗവതിയുടെ എഴുന്നള്ളിപ്പും നടയ്ക്കൽ പറ ചടങ്ങും കഴിഞ്ഞ് വൈകിട്ട് നാലരയോടെയാണ് തുറന്നത്. ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ കെ.പി. വിനയൻ, ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ പി. മനോജ് കുമാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.