കയ്പമംഗലം: അനിശ്ചതത്വത്തിലായ വഴിയമ്പലം - അയിരൂർ - വഞ്ചിപ്പുര ചാപ്പക്കടവ് റോഡ് നിർമ്മാണത്തിലെ കരാറുകരന്റെ അനാസ്ഥയ്ക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എ.

ഒരു വർഷം മുമ്പാണ് റോഡിന്റെ നിർമ്മാണോദ്ഘാടനം നടത്തിയത്. മൂന്ന് കിലോമീറ്ററോളം വരുന്ന റോഡിനായി രണ്ട് കോടി രൂപയാണ് വകയിരുത്തിയത്. നിർമ്മാണം പൂർത്തീകരിക്കാതെ കരാറുകാരൻ മുങ്ങിയ സംഭവം കേരളകൗമുദി റിപ്പോർട്ട് ചെയ്തിരുന്നു.


പൊതുമരാമത്ത് ഫണ്ട് രണ്ട് കോടി രൂപ വകയിരുത്തി നിർമ്മാണം ആരംഭിച്ച റോഡിൽ നിലവിൽ 24 ലക്ഷം രൂപയുടെ പണികൾ മാത്രമാണ് നടത്തിയിരിക്കുന്നത്. കരാറുകാരന്റെ അനാസ്ഥ മൂലം നിർമ്മാണം പാതിവഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.


ഇതിനെതിരെ എം.എൽ.എയും പഞ്ചായത്ത് ഭരണ സമിതിയും നിരന്തര ഇടപെടൽ നടത്തിയിട്ടും കരാറുകാരൻ പ്രശ്‌നത്തിന് പരിഹാരം കാണാൻ തയ്യാറായില്ല. തുടർന്നാണ് ഇ.ടി. ടൈസൺ മാസ്റ്റർ എം.എൽ.എയുടെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേർന്ന് കരാറുകാരനെതിരെ കർശന നടപടികൾക്കായി ഒരുങ്ങുന്നത്.


ഇവർക്കെതിരെ ക്രിമിനൽ കേസ് ചാർജ് ചെയ്യാനും കരിമ്പട്ടികയിൽ ഉൾപ്പെടുത്താനും യോഗം ശുപാർശ ചെയ്തു. പുതിയ ടെൻഡർ നടപടികൾ സ്വീകരിച്ച് മഴയ്ക്ക് മുമ്പായി റോഡ് നിർമ്മാണം പൂർത്തിയാക്കാനും അടിയന്തരമായി നിലവിലെ സ്ഥിതി പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാനും യോഗത്തിൽ തീരുമാനമായി.


കയ്പമംഗലം പഞ്ചായത്ത് ഹാളിൽ ചേർന്ന യോഗത്തിൽ പ്രസിഡന്റ ശോഭന രവി അദ്ധ്യക്ഷയായി. മതിലകം ബ്ലോക്ക് വൈസ് പ്രസിഡന്റ് സി.എസ്. സലീഷ്, പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.ജെ. പോൾസൺ, വാർഡ് മെമ്പർമാരായ പി.എ. ഷാജഹാൻ, ജിനൂപ് അബ്ദുറഹ്മാൻ, മിനി ഉല്ലാസ്, എം.എസ്. സുജിത്ത്, സൈനുൽ ആബിദ്, യു.വൈ. ഷെമീർ, പി.ഡബ്ല്യു.ഡി അസി. എക്‌സിക്യൂട്ടിവ് എൻജിനിയർ ജീസൺ ജോസഫ്, പി.ഡബ്ല്യു.ഡി റോഡ്‌സ് എ.ഇ പി.എസ്. ദീപക്, ടി.വി. സുരേഷ് ബാബു, എം.ഡി. സുരേഷ് മാഷ്, പി.എ. അനസ്, നിശാന്ത് ഈരക്കാട്ട് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.