 എം.എച്ച്.പി ഹെർമ പോളൻ ബോട്ട്
എം.എച്ച്.പി ഹെർമ പോളൻ ബോട്ട്
കൊടുങ്ങല്ലൂർ: മുസ്‌രിസിന്റെ കായലോളങ്ങളിൽ ഇനിമുതൽ എം.എച്ച്.പി ഹെർമ പോളൻ ബോട്ട് സ്ഥാനംപിടിക്കും.
മുസ്‌രിസ് പൈതൃക പദ്ധതിയ്ക്കായി കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ നിർമ്മിച്ചു നൽകിയ ബോട്ട് ഇന്നലെ കോട്ടപ്പുറത്ത് കന്നിയാത്ര നടത്തി. ആധുനിക രീതിയിൽ ഓഡിയോ വിഷ്വൽ സംവിധാനങ്ങൾ ബോട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്. എം.എൽഎമാരായ ഇ.ടി. ടൈസൺ മാസ്റ്റർ, അഡ്വ. വി.ആർ. സുനിർകുമാർ എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്നും രാവിലെ ആരംഭിച്ച യാത്ര കനോലി കനാലിലൂടെ എസ്.എൻ. പുരം, മതിലകം, എടത്തിരുത്തി, പെരിഞ്ഞനം, കയ്പമംഗലം പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് വൈകിട്ട് കോട്ടപ്പുറത്ത് അവസാനിച്ചു.
മുസ്‌രിസ് പൈതൃക സർക്ക്യൂട്ടിലെ പതിനഞ്ചാമത്തെ ബോട്ട് ജെട്ടിയായ മതിലകം ബോട്ട് ജെട്ടിയും സംഘം സന്ദർശിച്ചു. കരൂപ്പടന്ന, ഇലവഞ്ചിക്കുളം തുടങ്ങിയ ചരിത്രമുറങ്ങുന്ന സ്ഥലങ്ങളുടെ വികസനം മുസ്‌രിസ് പൈതൃക പദ്ധതിയുടെ അടുത്ത ഘട്ടങ്ങളിൽ ഏറ്റവും പ്രാധാന്യമേറിയതാണെന്നും അത് ജനപ്രതിനിധികളുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്നും മുസ്‌രിസ് പൈതൃക പദ്ധതി മാനേജിംഗ് ഡയറക്ടർ പി.എം. നൗഷാദ് പറഞ്ഞു.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാന്റ് നാവിഗേഷൻ കോർപറേഷൻ അത്യാധുനിക സംവിധാനങ്ങളുള്ള 24 സീറ്റിന്റെ മൂന്ന് ബോട്ടും ഒരു സുരക്ഷാ ബോട്ടുമാണ് നിർമ്മിച്ചു നൽകുന്നത്. ഇതിൽ ഒരു ബോട്ടാണ് നീറ്റിലിറങ്ങിയത്. സുരക്ഷാ ബോട്ട് നേരത്തെ തന്നെ പൈതൃക പദ്ധതിയ്ക്ക് കൈമാറിയിരുന്നു. നാല് ബോട്ടുകൾക്കുമായി 3.13 കോടി രൂപയാണ് ചെലവഴിക്കുന്നത്. മുസ്‌രിസ് പൈതൃക പദ്ധതിയുടെ ഭാഗമായി പുതിയ ജലാശയ ടൂർ പാക്കേജുകൾ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ് വിവിധയിനം ബോട്ടുകൾ നീറ്റിലിറക്കുന്നത്. ഉൾനാടൻ ജല ഗതാഗതത്തിന്റെ അനന്ത സാദ്ധ്യതകൾ കണ്ടെത്തുന്നതിനും, വില്ലേജ് ടൂറിസം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുമായിരിക്കും ജലാശയ ടൂർ പാക്കേജുകൾ.