 
വടക്കാഞ്ചേരി: അസാമാന്യഓർമശക്തിയുടെ മികവുമായി ഇന്ത്യ ബുക്ക് ഒഫ് റെക്കാഡ്‌സിൽ ഇടംനേടി കുരുന്നു ബാലിക. അരവൂർ മുത്തങ്ങപ്പറമ്പിൽ വീട്ടിൽ ബിനേഷ് - ജിഷ ദമ്പതികളുടെ മകളും അമ്പലപുരം ദേശവിദ്യാലയത്തിലെ എൽ.കെ.ജി വിദ്യാർത്ഥിനിയുമായ നിഹാരിക (5) ആണ് മിന്നുന്ന നേട്ടം കൈവരിച്ചത്.
പ്രധാനമന്ത്രിമാർ, മുഖ്യമന്ത്രിമാർ, നോബൽ ജേതാക്കൾ, ഏഷ്യൻ രാജ്യങ്ങൾ, തലസ്ഥാനങ്ങൾ, ജില്ലകൾ, നക്ഷത്രങ്ങൾ അവയുടെ വൃക്ഷങ്ങൾ, സോളാർ സിസ്റ്റം തുടങ്ങി 20 ഓളം ഇനങ്ങളിലുള്ള പേരുകളും മറ്റും മനഃപാഠമാക്കിയാണ് അഞ്ചു വയസുകാരി റെക്കാഡിട്ടത്. പൊതുവിജ്ഞാനത്തിൽ നിഹാരികയുടെ ജ്യേഷ്ഠൻ മൂന്നാം ക്ലാസ് വിദ്യാർത്ഥി നിരഞ്ജനും(8) മികവിന്റെ പ്രതീകമാണ്.
ലോക് ഡൗൺകാലം ഉപയോഗപ്പെടുത്തി വലിയ നേട്ടം കൈവരിച്ച നിഹാരികയെ ദേശവിദ്യാലയത്തിലെ അദ്ധ്യാപക രക്ഷാകർതൃസമിതിയുടെ നേതൃത്വത്തിൽ അരവൂരിലെ വസതിയിലെത്തി അനുമോദിച്ചു. അനുമോദനച്ചടങ്ങ് സ്‌കൂൾ മാനേജർ ടി.എൻ. ലളിത ടീച്ചർ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് കെ.കെ റിയാസുദ്ദീൻ അദ്ധ്യക്ഷനായി. പ്രധാനദ്ധ്യാപിക കെ.എൻ. സതീദേവി, കെ.ബി. പ്രകാശൻ, അദ്ധ്യാപകരായ സുനിത, ഷീന, രമാദേവി, അനിതകുമാരി, നിഷ, ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.