ചാലക്കുടി; ഉദ്ഘാടനം കഴിഞ്ഞ് ഒന്നേകാൽ വർഷം കഴിഞ്ഞിട്ടും നോക്കുകുത്തിയായി കിടക്കുന്ന നഗരസഭയുടെ നോർത്ത് ബസ് സ്റ്റാൻഡ് ഫെബ്രുവരി 11 മുതൽ പ്രവർത്തന ക്ഷമമാക്കാൻ ട്രാഫിക്ക് കമ്മിറ്റി തീരുമാനിച്ചു. ഇതോടെ ബസുകളുടെ സർവീസിലും മാറ്റം വരുത്തി. ഇരിങ്ങാലക്കുട ഭാഗത്തു നിന്നും വരുന്ന ബസുകൾ ഇനിമുതൽ വടക്കെ സ്റ്റാൻഡിൽ കയറിയാകും യാത്രക്കാരെ ഇറക്കുക.

കൊരട്ടി, മേലൂർ, കാടുകുറ്റി മേഖലയിലേക്കുള്ള ബസുകളുടെ സർവീസ് ഇവിടെ നിന്നും സർവീസ് ആരംഭിക്കും. കഴിഞ്ഞ നഗരസഭാ കൗൺസിലിന്റെ കാലത്ത് 2020 ഒക്ടോബർ 19നാണ് നോർത്ത് ബസ് സ്റ്റാൻഡ് ഉദ്ഘാടനം ചെയ്തത്. കെ.എസ്.ആർ.ടി.സി അടക്കം ബസുകൾ ഇവിടെ നിന്നും സർവീസും ആരംഭിച്ചു. എന്നാൽ ക്രിയാത്മക ഇടപെടലിന്റെ കുറവും കൊവിഡ് പ്രതിസന്ധിയും സ്റ്റാൻഡിനെ ആർക്കും വേണ്ടാത്ത ഇടമാക്കി.

രണ്ടു കോടി രൂപയാണ് നിർമ്മാണ പ്രവർത്തനങ്ങൾക്ക് അന്നത്തെ ഭരണ സമിതി ചെലവഴിച്ചത്. നോർത്ത് സ്റ്റാൻഡ് സജീവമാകുമ്പോൾ പൊലീസിന്റെ സേവനവും കാര്യക്ഷമമാക്കും. ചെയർമാൻ വി.ഒ. പൈലപ്പന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ട്രാഫിക് കമ്മിറ്റി യോഗത്തിൽ എസ്.എച്ച്.ഒ: കെ.എസ്. സന്ദീപ്, ഡെപ്യൂട്ടി തഹസിൽദാർ കെ.എ. ജേക്കബ്ബ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ, ബസുടമ സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

ബസുകളുടെ യാത്ര ഇങ്ങനെ

ഇരിങ്ങാലക്കുട മേഖലയിൽ നിന്നും വരുന്ന ബസുകൾ നോർത്ത് സ്റ്റാൻഡിൽ കയറി യാത്രക്കാരെ ഇറക്കും. തുടർന്ന് സൗത്ത് സ്റ്റാൻഡിലേക്ക് പോകും. ഇതിനിടയിലെ ആനമല സ്‌റ്റോപ്പ് ഇനി മുതൽ ഉണ്ടാകില്ല. ഇരിങ്ങാലക്കുടയിലേക്ക് പോകുന്ന ബസുകൾക്ക് നോർത്ത് സ്റ്റാൻഡിലേക്ക് കയറേണ്ടതില്ല. പകരം ട്രാംവേ റോഡ് ജംഗ്ഷനിൽ പുതുതായി ഏർപ്പെടുത്തുന്ന സ്റ്റോപ്പിൽ നിന്നും ആളുകളെ കയറ്റും.

എന്നാൽ നിലവിലെ മുസ്‌ലിം പള്ളിക്ക് സമീപത്തെ സ്‌റ്റോപ്പ്, ഐ.വി.ജി.എം സ്റ്റോപ്പ് എന്നിവ ഒഴിവാക്കി. വെള്ളിക്കുളം മേഖലയിലേക്കുള്ള ബസുകൾ ഇനിമുതൽ വെള്ളിക്കുളം ജംഗ്ഷനിലെത്തില്ല. ട്രാംവേ റോഡിലൂടെ പോവുകയും തിരിച്ചെത്തുകയും ചെയ്യും. എന്നാൽ മാളയിലേക്കുള്ള ബസുകൾ നോർത്ത് സ്റ്റാൻഡിലെത്തില്ല. കെ.എസ്.ആർ.ടി.സി ലോക്കൽ സർവീസുകൾക്കും ഇത് ബാധകമാണ്.

വടക്ക് ഭാഗത്തേക്കുള്ള എല്ലാ ബസുകളുടെയും സർവീസ് ഇനി മുതൽ നോർത്ത് സ്റ്റാൻഡിൽ നിന്നായിരിക്കും. അതിരപ്പിള്ളി റൂട്ടിൽ നിന്നും വരുന്നവ പെട്രോൾ പമ്പിന് സമീപം ആനമല റോഡിൽ യാത്രക്കാരെ ഇറക്കണം. ഈ പ്രദേശത്തേക്ക് പോകുന്ന ബസുകൾ സ്റ്റാൻഡിലെത്തി തിരിച്ചു പോകുമ്പോൾ ആനമല ജംഗ്ഷനിലെ നിലവിലെ സ്‌റ്റോപ്പ് നഷ്ടപ്പെടും.