pradishadam

മറ്റത്തൂർ: കോടാലി വെള്ളിക്കുളങ്ങര റോഡിന്റെ അറ്റകുറ്റപ്പണിയിലുണ്ടായ അപാകതയും കാലതാമസവും ചൂണ്ടിക്കാണിച്ച് മറ്റത്തൂർ പഞ്ചായത്ത് ജനപ്രതിനിധികൾ ഇടപ്പള്ളിയിലെ കെ.ആർ.എഫ്.ബി എക്‌സിക്യൂട്ടിവ് എൻജിനിയറുടെ ഓഫീസിലെത്തി പ്രതിഷേധിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അശ്വതി വിബി, സ്ഥിരം സമിതി അദ്ധ്യക്ഷരായ, സനല ഉണ്ണിക്കൃഷ്ണൻ, ദിവ്യ സുധീഷ്, വി.എസ്. നിജിൽ, പഞ്ചായത്ത് അംഗം ഷാന്റോ കൈതാരത്ത് എന്നിവരാണ് പ്രതിഷേധിച്ചത്.
കോടാലി വെള്ളിക്കുളങ്ങര റോഡ് നവീകരണത്തിന് ആവശ്യമായ തുക കഴിഞ്ഞ മന്ത്രിസഭ വകയിരുത്തിയിരുന്നുവെങ്കിലും സാങ്കേതിക കാരണങ്ങളാൽ പണി നടന്നിരുന്നില്ല. അതിനാൽ പഴയ കരാറുകാരനെ ഒഴിവാക്കി. ഇതിനാൽ പുതിയ എസ്റ്റിമേറ്റ് സമർപ്പിക്കുന്നതിന് കൂടുതൽ സമയം ആവശ്യമായ സാഹചര്യത്തിൽ റോഡ് നവീകരണ പ്രവൃത്തി ആരംഭിക്കുന്നതിന് മുന്നോടിയായി അറ്റകുറ്റപ്പണികൾ നടത്തേണ്ടതായി വന്നു. ഈ സാഹചര്യത്തിൽ കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഇടപെട്ട് അടിയന്തരമായി 10 ലക്ഷം രൂപ അനുവദിച്ചു.

പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരമുള്ള പ്രവൃത്തിയുടെ നിർവഹണത്തോടൊപ്പം അറ്റകുറ്റപ്പണികളുടെ ഉത്തരവാദിത്വവും കെ.ആർ.എഫ്.ബിക്കാണ്. റോഡ് അറ്റകുറ്റപ്പണികൾക്കായി അനുവദിച്ച തുക ഉപയോഗിച്ചുള്ള പ്രവൃത്തിയുടെ നിർവഹണ അപാകതയിലും, അനാവശ്യ കാലതാമസത്തിലുമാണ് ജനപ്രതിനിധികൾ കെ.ആർ.എഫ്.ബി ഓഫീസിൽ എത്തി പ്രതിഷേധിച്ചത്. പ്രതിഷേധത്തെ തുടർന്ന് വിഷയത്തിൽ ഇടപെടാമെന്നും പ്രശ്‌നം ഉടൻ പരിഹരിക്കാമെന്നും എക്‌സിക്യൂട്ടിവ് എൻജിനിയർ ജനപ്രതിനിധികൾക്ക് ഉറപ്പ് നൽകി.