ചാലക്കുടി: കൂടപ്പുഴ ഇടവഴിക്കടവിലെ പ്രളയത്തിൽ തകർന്ന പുഴയോരം കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തികൾ പുരോഗമിക്കുന്നു. നഗരസഭയുടെ ആറാട്ടുകടവ് വാർഡിന്റെ അതിർത്തിയായ പുഴയോരത്തിൽ 195 മീറ്റർ നീളത്തിലാണ് കരിങ്കൽഭിത്തി കെട്ടുന്നത്. ചെറിയൊരു ക്ഷേത്രപടവും നിർമ്മിക്കുന്നുണ്ട്. 25 ലക്ഷം രൂപയാണ് നിർമ്മാണച്ചെലവ്.
ആഴത്തിൽ അടിത്തറയുള്ളതിനാൽ പുഴയോരത്തിന് കനത്ത ഉറപ്പാവുകയാണ്. ഇവിടേയ്ക്ക് നിർമ്മാണ യന്ത്ര വാഹനങ്ങളുടെ എത്തിപ്പെടൽ ശ്രമകരമാണെങ്കിലും കരാറുകാരൻ അക്ഷീണം പ്രവർത്തിക്കുന്നുണ്ട്. പ്രളയ നിർമ്മാണ ഫണ്ടിൽ നിന്നും മുൻ എം.എൽ.എ ബി.ഡി. ദേവസി മുൻകൈയ്യെടുത്തായിരുന്നു ഫണ്ട് ലഭ്യമാക്കിയത്.
പ്രളയത്തെ തുടർന്ന് കൂടപ്പുഴ ഭാഗത്ത് പുഴയുടെ വലതു കരയ്ക്ക് കൂടുതൽ ഇടിച്ചിലുണ്ടായി.ഇനി വെട്ടുകടവ് പാലം വരെ പുഴയോരം സംരക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് വാർഡ് കൗൺസിലർ അഡ്വ. ബിജു എസ്. ചിറയത്ത് പറഞ്ഞു.