 
ചാവക്കാട്: തിരുവത്ര പുത്തൻ കടപ്പുറം സൂര്യ കടലാമ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ഈ വർഷം വിരിഞ്ഞ ആദ്യ കൂട്ടിലെ കടലാമക്കുഞ്ഞുങ്ങളെ കടലിലേക്ക് വിട്ടു. ഈ സീസണിൽ 41 കടലാമ കൂടുകളിലായി 4433 മുട്ടകളാണുള്ളത്. കഴിഞ്ഞ ഡിസംബർ 19ന് ലഭിച്ച രണ്ട് കൂടുകളിലെ 146 കടലാമകുഞ്ഞുങ്ങളെയാണ് കടലിലേക്ക് വിട്ടത്.
എൻ.കെ. അക്ബർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രചര പ്രസിഡന്റ് സുശീൽകുമാർ കടലാമ സംരക്ഷണത്തിനായി നിർമ്മിച്ച് നൽകിയ താത്കാലിക ഹാച്ചറി എം.എൽ.എ സമിതി പ്രവർത്തകർക്ക് കൈമാറി. സൂര്യ കടലാമ സംരക്ഷണ സമിതി പ്രസിഡന്റ് പി.എ. സെയ്തുമുഹമ്മദ് അദ്ധ്യക്ഷനായി.
നഗരസഭാ വൈസ് ചെയർമാൻ കെ.കെ. മുബാറക്, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ വി.ജെ. ഗീവർ, എ.എച്ച്. അക്ബർ, കെ.എം. അലി, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ ഉദയകുമാർ, റൈജു ജോസഫ്, ഉണ്ണിക്കൃഷ്ണൻ, പുത്തൻകടപ്പുറം ഗവ. റീജിയണൽ ഫിഷറീസ് ടെക്‌നിക്കൽ ഹൈസ്‌കൂൾ പ്രധാനദ്ധ്യാപിക മേഴ്‌സി, രാജി, സ്‌കൂൾ വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു. സമിതി പ്രവർത്തകർ നേതൃത്വം നൽകി.