വടക്കെക്കാട്: നാട്ടുകാരുടെ എതിർപ്പിനെ വകവയ്ക്കാതെ ടാറിംഗ് നടത്തിയ കൊച്ചന്നൂർ - വട്ടംപാടം റോഡ് ജലവകുപ്പ് അധികൃതർ പൈപ്പിടാൻ പൊളിച്ചു. വടക്കെക്കാട് കൊച്ചന്നൂർ അതിർത്തിയിലാണ് കരിച്ചാൽ കടവ് ഭാഗത്തേക്ക് പോകുന്ന സ്ഥലത്ത് റോഡിന് കുറുകെ പൊളിച്ചിട്ടുള്ളത്. അടുത്തദിവസം മറ്റു മൂന്നിടത്തുകൂടി പൊളിക്കുമെന്നാണ് സൂചന. ഏതാനും മാസം മുമ്പ് ടാർ ചെയ്ത അതിർത്തി കരിച്ചാൽ കടവ് റോഡിൽ ഒരു കിലോമീറ്ററിനിടെ 10 സ്ഥലത്താണ് ഇതേ ആവശ്യത്തിനായി പൊളിച്ചിട്ടുള്ളത്.

കൊച്ചന്നൂർ അതിർത്തിയിൽ കലുങ്കിലൂടെ പൈപ്പ് മറുഭാഗത്തേക്ക് കൊണ്ടുപോകാൻ കഴിയുമെങ്കിലും അത് ഉപയോഗപ്പെടുത്തിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കലുങ്കിന്റെ സമീപം തന്നെയാണ് പൊളിച്ചിട്ടുള്ളത്. പൊളിച്ച ഭാഗങ്ങൾ യഥാസമയം കോൺക്രീറ്റ് ചെയ്യുകയോ ടാറിംഗ് നടത്തുകയോ ചെയ്താൽ റോഡ് പൊട്ടിപ്പൊളിയുന്നത് ഇല്ലാതാക്കാമെന്നാണ് നാട്ടുകാരുടെ പക്ഷം.

അർബൻ മിഷൻ പദ്ധതി പ്രകാരമുള്ള ശുദ്ധജല വിതരണത്തിനാണ് റോഡ് പൊളിച്ചതെന്ന് ജല അതോരിറ്റി അസിസ്റ്റന്റ് എൻജിനിയർ പറഞ്ഞു. പൊളിക്കുന്ന ഭാഗം ടാർ ചെയ്യാൻ മരാമത്ത് വകുപ്പിൽ 68000 രൂപ അടച്ചിട്ടുണ്ട്. ഏഴു മാസം മുമ്പേ അപേക്ഷിച്ചിരുന്നെങ്കിലും കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചതത്രെ. പൊളിച്ച ഭാഗങ്ങൾ ഉടൻ ടാർ ചെയ്യാൻ പഞ്ചായത്തും മരാമത്ത് വകുപ്പും തയ്യാറാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

പൊളിക്കുമ്പോൾ ഈടാക്കുന്ന തുക ഉപയോഗിച്ച് യഥാസമയം കുഴി അടച്ചാൽ റോഡ് പൊട്ടിപ്പൊളിയുന്നത് ഒഴിവാക്കാം. പണം വസൂലാക്കൽ മുറയ്ക്ക് നടക്കാറുണ്ടെങ്കിലും അറ്റകുറ്റപ്പണി പതിവില്ലെന്ന് നാട്ടുകാർ ആരോപിച്ചു.