വടക്കെക്കാട്: അധികൃതരുടെ അനാസ്ഥയിൽ ദുരിതം അനുഭവിക്കുകയാണ് വടക്കെക്കാട് പഞ്ചായത്തിലെ ആറാം വാർഡ് കരിയമ്പായി കോളനി നിവാസികൾ. തകർന്ന് ശോചനീയാവസ്ഥയിലായ ഇരട്ടവീടുകളിൽ ഭയത്തോടെയാണ് ഇവർ കഴിയുന്നത്. വാർഡ് അംഗത്തിന്റെയും ഭരണസമിതിയുടെയും അനാസ്ഥയും കോളനിവാസികളോടുള്ള രാഷ്ട്രീയ വിരോധവുമാണ് ഇരട്ട വീടുകൾ മാറ്റി ഒറ്റവീടുകൾ നിർമ്മിച്ച് താമസക്കാർക്ക് നൽകാത്തതിന് കാരണമെന്നാണ് ആക്ഷേപം.
ഇരട്ടവീടുകളിൽ പലതും പൂർണ്ണമായും തകർന്നിട്ടുണ്ട്. സമീപത്ത് ഷെഡ് കെട്ടിയാണ് ചില കുടുംബങ്ങൾ താമസിക്കുന്നത്. അതേസമയം മതിയായ രേഖകൾ ഇല്ലാത്തതിനാലാണ് ഭവനപദ്ധതികളിൽ ഉൾപ്പെടുത്താൻ തടസമെന്നാണ് വാർഡ് മെമ്പർ പറയുന്നത്. മുൻഉടമസ്ഥരിൽ നിന്നും ശരിയായ രേഖകൾ യഥാസമയം കൈമാറ്റം ചെയ്യാത്തതും പ്രതിസന്ധിയായി. അപകടാവസ്ഥയിൽ നിന്നും ബദൽ സംവിധാനം ഒരുക്കി താമസക്കാരെ മാറ്റിപ്പാർപ്പിച്ചില്ലെങ്കിൽ വൻഅപകടത്തിന് വഴിവച്ചേക്കുമെന്നാണ് ആശങ്ക.