sivagiri

ചാലക്കുടി: ഒരു കാലത്ത് ഗുരുദേവൻ പിഴുതെറിഞ്ഞ ജാതീയതയുടെ വേരുകൾ ഇന്നും സമൂഹത്തിൽ പതിഞ്ഞു കിടക്കുന്നുവെന്നും ഇതിനെതിരെ ജാഗ്രത വേണമെന്നും ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ പറഞ്ഞു. ഗായത്രി ആശ്രമത്തിൽ നടക്കുന്ന പ്രതിമാസ ചതയം നക്ഷത്ര പൂജയോടനുബന്ധിച്ചുള്ള ചടങ്ങിൽ സംസാരിക്കുകയായിരുന്നു സ്വാമി. ബ്രാഹ്മണരെ കാൽ കഴുകുകയും ഊട്ടുകയും ചെയ്താൽ അവരുടെ കോപാദികളിൽ നിന്നും മോചനം ലഭിക്കുമെന്ന് കൊടുങ്ങല്ലൂരിലെ ക്ഷേത്രത്തിൽ വിശ്വാസം നിലനിന്നിരുന്നു. ഗുരുദേവ ചരിതം കഥകളിക്ക് തൃപ്രയാർ ക്ഷേത്രത്തിൽ അനുമതി നൽകിയില്ല. ഇതെല്ലാം വിരൽ ചൂണ്ടുന്നത് സർവ്വനാശം വിതയ്ക്കുന്ന ജാതീയത ഇന്നും പച്ചപിടിക്കുന്നുവെന്ന യാഥാർത്ഥ്യത്തിലേക്കാണ്. ഇതെല്ലാം പ്രചരിപ്പിക്കുന്നവർ അറിയുന്നില്ല. ഗുരുദേവൻ സൃഷ്ടിച്ച ആത്മീയ വിപ്ലവത്തിലൂടെയാണ് തങ്ങളുടെ ജീവിതം ഇത്രയെങ്കിലും മുന്നോട്ട് നയിക്കാനായതെന്ന സത്യം- അദ്ദേഹം കൂട്ടിച്ചേർത്തു. ഗുരുപൂജ, ശാന്തി ഹവനം എന്നിവയും നടന്നു. ബ്രഹ്മചാരി ശിവൻ നേതൃത്വം നൽകി. ജയപാൽ അങ്കമാലി, നരേന്ദ്രൻ കല്ലിക്കട, ഗുരു ദർശന രഘന, സുനിൽ കൊരട്ടി എന്നിവർ സംസാരിച്ചു.