medical-college

തൃശൂർ: എക്‌സ് റേ യൂണിറ്റിലെ രണ്ട് പ്രധാന യന്ത്രങ്ങൾ പണിമുടക്കിയിട്ട് നാളുകൾ, ജനറൽ മെഡിസിൻ വിഭാഗത്തിൽ ഡോക്ടർമാരുടെ കുറവ്. 15 മാസം മുൻപ് കാൻസർ രോഗികളുടെ ചികിത്സയ്ക്കായി വാങ്ങിയ റേഡിയേഷൻ യന്ത്രം സ്ഥാപിക്കാതെ നോക്കുകുത്തിയായി കിടക്കുന്നു... മൂന്നാം തരംഗം ആശങ്കയായി നിൽക്കുമ്പോൾ മുടന്തുകയാണ് മുളങ്കുന്നത്തുകാവ് ഗവ. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ.

കൊവിഡ് വ്യാപനം കാരണം മാറ്റിയ നൂറ് കണക്കിന് ചെറുതും വലുതുമായ ശസ്ത്രക്രിയകൾ ഉടനെ തുടങ്ങേണ്ടി വരുമെന്നതിനാൽ ഈ പ്രവർത്തനമുരടിപ്പ് രോഗികളെ വലയ്ക്കും.

മുൻ എം.എൽ.എ അനിൽ അക്കരയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 3.5 കോടി ഉപയോഗപ്പെടുത്തിയാണ് റേഡിയേഷൻ യന്ത്രം വാങ്ങിയത്. യന്ത്രം സ്ഥാപിക്കാനുള്ള കെട്ടിടം മാസങ്ങൾക്ക് മുൻപ് നിർമ്മിച്ചിരുന്നു. പക്ഷേ ആണവോർജ്ജ നിയന്ത്രണ ബോർഡിൽ നിന്നുള്ള അനുമതിക്കായുള്ള നടപടികൾ ആരോഗ്യവകുപ്പ് പൂർത്തിയാക്കാഞ്ഞതാണ് വിനയായത്.

ഒരു ദിവസം ശരാശരി 70 രോഗികൾക്ക് റേഡിയേഷൻ ചികിത്സ നൽകാനാകുന്ന യന്ത്രമാണിത്. നിലവിൽ ലീനിയർ ആക്‌സിലറേറ്റർ യന്ത്രവും പഴയ റേഡിയേഷൻ യന്ത്രവും ഉപയോഗിച്ച് 60 രോഗികൾക്ക് ചികിത്സ നൽകുന്നുണ്ട്. ഇത് തകരാറിലായാൽ രോഗികൾക്ക് ദുരിതമേറും. രണ്ട് മാസം കാത്തിരുന്നാണ് രോഗികൾക്ക് റേഡിയേഷൻ ചികിത്സ ചെയ്യാൻ കഴിയുന്നത്.

മൂന്നാം തരംഗം ശക്തമായതോടെ കഴിഞ്ഞമാസം നിയന്ത്രണം ഏർപ്പെടുത്തി. ഗുരുതര രോഗികൾക്ക് ചികിത്സ ഉറപ്പാക്കാനായിരുന്നു ഇത്. അടിയന്തര സ്വഭാവമില്ലാത്ത ശസ്ത്രക്രിയകൾക്കും നിയന്ത്രണമുണ്ട്. ആദ്യത്തെ രണ്ട് തരംഗങ്ങളിൽ എൻ.എച്ച്.എം വഴി ജീവനക്കാരുടെ സേവനം ലഭ്യമായിരുന്നു. ഇവരെ പിൻവലിച്ചതോടെ പ്രതിരോധപ്രവർത്തനം താളം തെറ്റി. നിരവധി ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു. അത്യാഹിത വിഭാഗം രോഗികൾക്കും സി വിഭാഗത്തിലുള്ള രോഗികൾക്കുമുള്ള ചികിത്സയ്ക്കായിരുന്നു പ്രാധാന്യം നൽകിയിരുന്നത്.

ഇൻഫർമേഷൻ കൗണ്ടറിന്റെ വിവരമില്ല

കൊവിഡ് വ്യാപനത്തിന് മുൻപ് ഇൻഫർമേഷൻ കൗണ്ടർ തുടങ്ങിയിരുന്നുവെങ്കിലും കഴിഞ്ഞ ഏതാനും വർഷമായി ഇൻഫർമേഷൻ കൗണ്ടറില്ല. ഉടനെ തുടങ്ങണമെന്ന ആവശ്യം ശക്തമായിരുന്നെങ്കിലും അധികൃതർ ചെവികൊണ്ടിട്ടില്ല. ജനറൽ മെഡിസിൻ വിഭാഗത്തിൽ രണ്ട് പ്രൊഫസർമാരുടേയും ജൂനിയർ ഡോക്ടർമാരുടേയും കുറവുണ്ട്. അതും പരിഹരിച്ചിട്ടില്ല.

മന്ത്രിക്ക് നിവേദനം

രണ്ട് എക്‌സ്‌റേ മെഷിനുകളാണ് തകരാറായത്. ഒരു മെഷീന് കാലപ്പഴക്കവുമുണ്ട്. ഏത് നിമിഷവും യൂണിറ്റിന്റെ മൊത്തം പ്രവർത്തനം പൂർണമായും നിശ്ചലമാകാവുന്ന നിലയിലാണ്. നിർദ്ധന രോഗികൾക്ക് സ്വകാര്യ ലാബുകളെ ആശ്രയിക്കേണ്ടി വരുന്നുണ്ട്. ഉടൻ എക്‌സ്‌റേ റിപ്പോർട്ട് ലഭിക്കാത്തത് മൂലം ഗുരുതര അപകടത്തിൽപെട്ട് ചികിത്സയിലുള്ള രോഗികൾക്കും ചികിത്സ വൈകുന്നുണ്ട്. വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത വിലകൂടിയ യന്ത്രം പോലും കൃത്യമായി പ്രവർത്തിപ്പിക്കാനാകുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ജില്ലാ ഉപഭോക്തൃ സമിതി ആരോഗ്യമന്ത്രി വീണാ ജോർജിന് നിവേദനം നൽകി. നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകിയതായി മറുപടിയും ലഭിച്ചിരുന്നു.

മറ്റ് മെഡിക്കൽ കോളേജുകളിലേത് പോലെ ആധുനിക എക്‌സ്‌റേ ഉപകരണങ്ങൾ അടക്കം എത്തിക്കണമെന്നും മറ്റ് അടിയന്തരസൗകര്യം ഒരുക്കണമെന്നും നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

ജെയിംസ് മുട്ടിക്കൽ,
പ്രസിഡന്റ്
തൃശൂർ ജില്ലാ ഉപഭോക്തൃ സമിതി.