 
മാള വലിയപറമ്പ് റോഡിലെ മരം അപകട ഭീഷണി ഉയർത്തുന്നു
മാള: വലിയപറമ്പ് സഹകരണ ബാങ്കിന് സമീപം പൊതുമരാമത്ത് റോഡിന്റെ അരികിൽ നിൽക്കുന്ന മരം പൊതുജനങ്ങൾക്ക് ഭീഷണിയാകുന്നു. സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ആശുപത്രി തുടങ്ങി നിരവധി സ്ഥാപനങ്ങളാണ് ഈ വഴിയിൽ സ്ഥിതിചെയ്യുന്നത്. അതിനാൽ വിദ്യാത്ഥികളും, കാൽനടയാത്രക്കാരും അടക്കം നിരവധി വാഹനങ്ങളാണ് ദിനംപ്രതി ഇതുവഴി കടന്നുപോകുന്നത്.
മരത്തിന്റെ സമീപം സ്ഥിതി ചെയ്യുന്ന കെട്ടിടങ്ങൾക്കും ഇത് ഭീഷണി ഉയർത്തുന്നുണ്ട്. കൂടാതെ വൈദ്യുതി വിതരണ കമ്പികളും മരത്തിന്റെ അരികിലൂടെയാണ് കടന്നുപോകുന്നത്. മരം എത്രയും പെട്ടെന്ന് മുറിച്ചു മാറ്റിയില്ലെങ്കിൽ വലിയ അപകടത്തിന് ഇത് വഴിവയ്ക്കുമെന്ന് നാട്ടുകാർ ആശങ്കപ്പെടുന്നുണ്ട്.
ഒരു വർഷം മുമ്പ് മരം നീക്കം ചെയ്യുന്നത് സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പിന് പരാതി നൽകിയിട്ടും ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
എന്നാൽ മരത്തിന്റെ വില നിശ്ചയിച്ചു നൽകാൻ വനംവകുപ്പിന് കത്ത് നൽകിയിട്ടും ഇതുവരെ വില നിശ്ചയിച്ച് ലഭിച്ചിട്ടില്ലെന്ന് മാള പൊതുമരാമത്ത് റോഡ്‌സ് സെക്ഷൻ അസി എൻജിനിയർ പറഞ്ഞു. അപകടാവസ്ഥയിൽ തുടരുന്ന മരം അടിയന്തരമായി മുറിച്ചു മാറ്റണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.