
തൃശൂർ: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി സുഭിക്ഷം സുരക്ഷിതം പദ്ധതി മാടക്കത്തറ പഞ്ചായത്തിൽ തുടങ്ങുന്നു. പരമ്പരാഗത കൃഷിരീതിയിലൂടെ പ്രകൃതി സംരക്ഷണത്തിലേയ്ക്ക് ചുവടു വയ്ക്കുകയാണ് ലക്ഷ്യം. മാടക്കത്തറയിലെ 100 ഹെക്ടറിലാണ് പദ്ധതി. ഇതിനായി 150 അംഗങ്ങളുള്ള രണ്ട് ക്ലസ്റ്ററുകൾക്ക് രൂപം നൽകി.
ജൈവകൃഷി സർട്ടിഫിക്കേഷൻ, പരമ്പരാഗത വിത്തിനങ്ങളുടെ സംരക്ഷണത്തിനായി കൃഷിയിടങ്ങളിൽ ജെംപ്ലാസം കൺസർവേഷൻ സെന്ററുകൾ, ജൈവകൃഷി പരിശീലനങ്ങൾ, മേളകൾ, ജൈവ ഉത്പന്നങ്ങളുടെ മൂല്യവർദ്ധിത യൂണിറ്റുകൾ തുടങ്ങിയവ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1,000 വർഷത്തോളം പഴക്കമുള്ള കൃഷിരീതികളായ വൃക്ഷായുർവേദം, പരിസ്ഥിതി അധിഷ്ഠിത വിളസംരക്ഷണം, കാർഷിക സർവകലാശാലയുടെ ജൈവകൃഷി പാക്കേജ് തുടങ്ങിയവ നടപ്പിലാക്കുകയും കർഷകരെ പരിചയപ്പെടുത്തുകയും ചെയ്യും.
പദ്ധതിയുടെ ഭാഗമായി സുഭിക്ഷം ക്ലസ്റ്റർ ഉൽപാദിപ്പിച്ച ജൈവവളകൂട്ടുകൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സണ്ണി ചെന്നിക്കര കർഷകർക്ക് വിതരണം ചെയ്തു. പദ്ധതിയിൽ അംഗമായ കർഷകർക്ക് ജൈവവളവും തൈകളുടെ വളർച്ചയ്ക്കുള്ള ഘടകങ്ങൾ അടങ്ങിയ ലായനിയും സൗജന്യമായി വിതരണം ചെയ്യും.
അഞ്ച് സെന്റുണ്ടെങ്കിൽ അംഗമാകാം
അഞ്ച് സെന്റിൽ കുറയാത്ത ഭൂമിയുള്ളവർക്ക് അംഗമാകാം. ഭൂനികുതി അടച്ച രസീത്, ആധാർ, റേഷൻ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പ്, അപേക്ഷാഫോം എന്നിവ നൽകി അംഗമാകാം. അപേക്ഷ അതാത് കൃഷിഭവനിൽ നിന്ന് ലഭിക്കുമെന്ന് മാടക്കത്തറ കൃഷി ഓഫീസർ അർച്ചന വിശ്വനാഥ് പറഞ്ഞു.