jadhaകാൽ കഴുകിച്ചൂട്ടിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ നവോത്ഥാന ജാഥ.

കൊടുങ്ങല്ലൂർ: ബ്രാഹ്മണ ശാപത്തിന് പരിഹാരമെന്ന നിലയിൽ കാൽ കഴുകിച്ചൂട്ട് വഴിപാട് ഇനമാക്കി കൊണ്ടുവരാൻ നടത്തിയ നീക്കത്തിൽ പ്രതിഷേധിച്ച് വിവിധ സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച നവോത്ഥാന ജാഥ പൊലീസ് തടഞ്ഞു.

നെടിയതളി ക്ഷേത്ര പരിസരത്ത് നിന്നും എടവിലങ്ങിലേക്ക് നടത്തിയ ജാഥയ കോതപറമ്പിൽ വച്ചാണ് കൊടുങ്ങല്ലൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തടഞ്ഞത്.

സംഘർഷ സാദ്ധ്യത കണക്കിലെടുത്താണ് നടപടിയുണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. കൊച്ചിൻ ദേവസ്വം ബോർഡ് വക എടവിലങ്ങ് ശിവകൃഷ്ണപുരം ക്ഷേത്രത്തിലാണ് കാൽകഴുകിച്ചൂട്ട് വഴിപാട് ഇനമാക്കാനുള്ള നീക്കമുണ്ടായത്. ക്ഷേത്ര നവീകരണവുമായി ബന്ധപ്പെട്ടുള്ള പരിഹാര ക്രിയയുടെ ഭാഗമായി നടന്ന ഈ നീക്കത്തിന് പിന്നിൽ പ്രവർത്തിച്ച തന്ത്രിയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ജാഥ നടത്തിയത്.

നവോത്ഥാന ജാഥയിൽ അണിചേരുന്നവരുടെ എണ്ണം നിയന്ത്രിക്കാൻ പൊലീസ് നേരത്തെ നിർദ്ദേശം നൽകിയിരുന്നു. ജാഥയെ എസ്.എൻ.ഡി.പി യോഗം നാട്ടിക യൂണിയൻ പ്രസിഡന്റ് ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, പ്രൊഫ. കെ.കെ. രവി, ടി.കെ. ഗംഗാധരൻ, സി.ബി. ജയലക്ഷ്മി ടീച്ചർ തുടങ്ങിയവർ അഭിവാദ്യം ചെയ്തു.

പൊലീസ് ജാഥ തടഞ്ഞതോടെ എസ്.എൻ.ഡി.പി യൂണിയൻ പ്രസിഡന്റ് ഉമേഷ് ചള്ളിയിലിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് സോമൻ താമരക്കുളം ഉദ്ഘാടനം ചെയ്തു. നവോത്ഥാന കൂട്ടായ്മ കൺവീനർ അഡ്വ. അനൂപ് ആമുഖ പ്രസംഗം നടത്തി. എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി പി.കെ. രവീന്ദ്രൻ, ഐക്യവേട്ടുവ മഹാസഭ സെക്രട്ടറി ബാബു ചിങ്ങാരത്ത്, വേട്ടുവ മഹാസഭ സെക്രട്ടറി വി.ഐ. ശിവരാമൻ, പി.എ. കുട്ടപ്പൻ, യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് സമൽരാജ്, ശ്രീനാരായണ ദർശനവേദി കൺവീനർ എൻ.ബി. അജിതൻ, എസ്.എൻ.ഡി.പി യൂണിയൻ കമ്മിറ്റി അംഗം സി.വി. മോഹൻകുമാർ എന്നിവർ സംസാരിച്ചു.