medical

തൃശൂർ : മുളങ്കുന്നത്തുകാവ് ഗവ.മെഡിക്കൽ കോളേജ് കാമ്പസ് ചുറ്റുമതിൽ കെട്ടുന്നത് തടയണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തൃശൂർ രണ്ടാം അഡീഷണൽ മുൻസിഫ് കോടതി തള്ളി.

കളക്ടർ, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ, അസിസ്റ്റന്റ് എൻജിനീയർ (പൊതുമരാമത്ത്) എന്നിവരെ എതിർകക്ഷികളാക്കി അത്താണി ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ സ്റ്റാൻഡേർഡ് സെറാമിക്‌സ് എന്ന സ്ഥാപനത്തിന്റെ മാനേജിംഗ് പാർട്ണർ അറയ്ക്കൽ ജോഷിയാണ് ഹർജി നൽകിയത്. തൃശൂർ രണ്ടാം അഡീഷണൽ മുൻസിഫ് അനീഷ് ബാബു എം.ബിയാണ് ഹർജി തള്ളിയത്.

മുളങ്കുന്നത്തുകാവ് ഗവൺമെന്റ് മെഡിക്കൽ കോളേജ് വളപ്പിലേക്ക് സ്വകാര്യ കമ്പനികൾ കക്കൂസ് മാലിന്യം ഉൾപ്പെടെയുള്ള മാലിന്യം തള്ളി മലിനമാക്കുന്നത് തടയാനായാണ് കൈയേറ്റം ഒഴിപ്പിച്ച് ചുറ്റുമതിൽ കെട്ടിയത്. ഈ സ്ഥാപനത്തിന്റെ അതിർത്തിയിലെത്തിയപ്പോഴാണ് മതിൽ കെട്ടുന്നത് തടയണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയത്.

മഴവെള്ളവും മലിനജലവും മെഡിക്കൽ കോളേജ് വളപ്പിലേക്ക് ഒഴുക്കിവിടുന്നത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിക്കുമെന്നും മതിൽ കെട്ടുന്നത് തടഞ്ഞാൽ സാമൂഹികവിരുദ്ധ പ്രവർത്തനത്തിന് സഹായകമാകുമെന്ന സർക്കാരിന്റെ വാദം അംഗീകരിച്ചാണ് ഹർജി തള്ളിയത്. സർക്കാരിനായി അഡീഷണൽ ഗവൺമെന്റ് പ്ലീഡർ അഡ്വ.കെ.എൻ.വിവേകാനന്ദൻ, അഭിഭാഷകരായ ഷിജു എം.പി, രചന ഡെന്നി എന്നിവർ ഹാജരായി.