sndp

കൊടുങ്ങല്ലൂർ: എസ്.എൻ.ഡി.പി യോഗം കുഞ്ഞയിനി ശാഖാ ഓഫീസിൽ ആർ.എസ്.എസ് നേതാക്കളുൾപ്പെട്ട സംഘത്തിന്റെ ഭീഷണിയും അതിക്രമവുമെന്ന് പരാതി. ഇന്നലെ രാവിലെയായിരുന്നു സംഭവം. എസ്.എൻ.ഡി.പി യൂണിയന്റെയും വിവിധ സാമൂഹിക സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച നവോത്ഥാന യാത്ര, ശാഖാ ഓഫീസിന് മുമ്പിലെത്തുമ്പോൾ പദയാത്രികർക്ക് ദാഹജലം നൽകുന്നതിനായി ശാഖാ ഓഫീസിൽ ഒരുക്കം നടത്തവേയാണ് ആർ.എസ്.എസ് നേതാവ് എം.ബി.ഷാജി മേലേഴത്ത്, പഞ്ചായത്തംഗം ഹരിദാസ്, കൈമപറമ്പിൽ പ്രതാപൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള ഇരുപതോളം പേരടങ്ങുന്ന സംഘത്തിന്റെ അതിക്രമമുണ്ടായത്.
ജാഥയിലെ അംഗങ്ങൾക്ക് കുടിവെള്ളമൊരുക്കേണ്ടെന്നും ഓഫീസ് അടച്ച് പുറത്ത് പോകണമെന്നും ആവശ്യപ്പെട്ടായിരുന്നു അതിക്രമം. ശാഖാ സെക്രട്ടറി കെ.എസ്.സുനിൽകുമാർ, പ്രസിഡന്റ് കമലാ ശശിധരൻ, ശാഖാംഗം മാടത്തിങ്കൽ രാധ എന്നിവരാണ് ഈ സമയം ശാഖാ ഓഫീസിലുണ്ടായിരുന്നത്. ഭീഷണിക്ക് വഴങ്ങില്ലെന്ന് ശാഖാ ഭാരാവാഹികൾ അറിയിച്ചതോടെ കുടിവെള്ളമൊരുക്കാനായി കരുതിയിരുന്ന ചെറുനാരങ്ങ, പഞ്ചാസാര എന്നിവ ഇവർ ബലം പ്രയോഗിച്ച് കൊണ്ടുപോകുകയും നോട്ടീസുകൾ പുറത്തെറിയുകയും ചെയ്തു.
പ്രതിമാസ ചതയ പൂജ നടക്കുന്നതിനാൽ പരിപാവനമായി കരുതുന്ന ഗുരുമന്ദിരത്തിൽ അതിക്രമിച്ച് കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ചവരെ നിലയ്ക്ക് നിറുത്താനും ജനാധിപത്യ വ്യവസ്ഥിതിയിലുള്ള പ്രവർത്തന സ്വാതന്ത്ര്യം ഉറപ്പ് വരുത്താനും നടപടി വേണമെന്ന് ആവശ്യപ്പെട്ട് ശാഖാ നേതൃത്വം കൊടുങ്ങല്ലൂർ പൊലീസിൽ പരാതി നൽകി.