the-baby-turtles-hatched

ചാവക്കാട്: എടക്കഴിയൂർ പഞ്ചവടി കടൽതീരത്ത് നിന്നും നീണ്ട കാത്തിരിപ്പിനൊടുവിൽ കടലാമക്കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങി. കടലോരത്തെ തണുപ്പിൽ കാവലിരുന്ന കടലാമ വാച്ചർമാരായ അലി പഞ്ചവടി, സലിം ഐഫോക്കസ് എന്നിവരാണ് 45 ദിവസങ്ങൾക്ക് മുമ്പ് കടപ്പുറത്തെ പുല്ലുകൾക്കിടയിൽ കടലാമ കൂട് കണ്ടെത്തിയത്.

കുറുനരിയുടെ ആക്രമണത്തിൽ നിന്നും രക്ഷിക്കാനായി താത്കാലിക ഹാച്ചറിയിലേക്ക് മാറ്റിയാണ് സൂക്ഷിച്ചത്. ചാവക്കാട് മേഖലയിലെ ആദ്യ ഹാച്ചറിയാണ് എടക്കഴിയൂരിലെ പഞ്ചവടിയിലേതെന്ന് ഗ്രീൻ ഹാബിറ്റാറ്റ് എക്‌സിക്യൂട്ടിവ് ഡയറക്ടർ എൻ.ജെ. ജയിംസ് പറഞ്ഞു.

പുന്നയൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മുട്ടയിടാനെത്തുന്ന കടലാമകൾക്ക് വേണ്ട സുരക്ഷ ഒരുക്കുന്ന പദ്ധതിക്ക് രൂപം കൊടുക്കുന്നുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രൻ അറിയിച്ചു. ശ്രീജിത്ത് പൊറ്റെക്കാട്, യു.കെ. ബാബു എന്നിവരും സന്നിഹിതരായിരുന്നു.