ചാലക്കുടി: ഇതുവരെ തേവിയ വെള്ളമെല്ലാം അയൽവാസിയുടെ കണ്ടത്തിലേക്കെന്ന അവസ്ഥയിലാണ് കൂടപ്പുഴ തടയണ നിർമ്മാണം. പുഴയിൽ ബെഡ് കോൺക്രീറ്റ് ചെയ്യുന്നതിന് കരാറുകാരൻ ബണ്ട് കെട്ടും, രാത്രിയിൽ അധികമായി എത്തുന്ന വെള്ളം അവയെ ഒഴുക്കികളയും. മൂന്നു വട്ടമാണ് ദുരിതം ആവർത്തിച്ചത്. കെ.എസ്.ഇ.ബിയുടെ ഭാഗത്ത് നിന്നും അനുകൂല നിലപാടുണ്ടായില്ലെങ്കിൽ കാലവർഷത്തിന് മുൻപ് തടയണയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കാനുള്ള കഠിന പ്രയത്‌നം വൃഥാവിലാകുമെന്ന് ഉറപ്പാണ്.
പുഴയിൽ ഇടയ്ക്കിടെ വെള്ളം കൂടുന്നതാണ് ആറാട്ടുകടവിൽ നടക്കുന്ന തടയണ നിർമ്മാണത്തിന് പാരയായത്. പൊരിങ്ങൽക്കുത്ത് ഡാമിൽ കൂടുതൽ വൈദ്യുതി ഉത്പാദനം നടക്കുന്നതിനാൽ രാത്രിയിൽ ചാലക്കുടിപ്പുഴയിലൂടെ അധികവെള്ളം എത്തുന്നുണ്ട്. തടയണ നിർമ്മാണ കരാറുകാരന് ഇതു തലവേദനയാകുകയാണ്. കോൺക്രീറ്റ് നടത്തുന്നതിന് പകൽ സമയത്ത് പുഴയിൽ കെട്ടിപ്പൊക്കുന്ന ബണ്ട് രാത്രിയിൽ ഒലിച്ചുപോകുന്നു.
പല ആവർത്തിയും ഇതുണ്ടായപ്പോൾ പ്രതിരോധമെന്ന നിലയിൽ ഇത്തവണ ആറടി ഉയത്തിലാണ് മണൽചാക്കുകളും കരിങ്കല്ലും അടക്കി ബണ്ട് തീർത്തിരിക്കുന്നത്. എങ്കിലും വെള്ളം ക്രമാതീതമായി വന്നാൽ ബണ്ടിനെ ബാധിക്കും. ഇതിനിടെ ഏഴാറ്റുമുഖം പ്രകൃതി ഗ്രാമത്തിനടുത്ത് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഇടതുകര കനാൽ അടച്ചിരിക്കുകയാണ്. ഇതിലൂടെ ഒഴുകേണ്ട വെള്ളവും പുഴയുടെ താഴെ ഭാഗത്തേക്ക് എത്തുന്നുണ്ട്. മാർച്ച് അവസാനത്തോടെ അറ്റപ്പണികൾ പൂർത്തീകരിച്ചില്ലെങ്കിൽ ഈ വർഷവവും തടയണയുടെ അവസ്ഥ തഥൈവ.
രാത്രിസമയങ്ങളിൽ കൂടുതൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന സമ്പ്രദായത്തിന് താത്കാലികമായി മാറ്റം വരുത്തിയാൽ പരിഹരിക്കാവുന്നതേയുള്ളു. ഇതിനായി മൈനർ ഇറിഗേഷൻ അധികൃതരാണ് കെ.എസ്.ഇ.ബിക്ക് കത്ത് നൽകേണ്ടത്.
വൈദ്യുതി ഉത്പാദനം ക്രമവത്കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊരിങ്ങൽക്കുത്തിലെ ജനറേഷൻ വിഭാഗത്തിന് കത്തുനൽകാൻ മൈനർ ഇറിഗേഷൻ എൻജിയറോട് അഭ്യർത്ഥിച്ചിട്ടുണ്ട്.
- അഡ്വ. ബിജു എസ്. ചിറയത്ത്, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷൻ