
ഗുരുവായൂർ: സമ്പൂർണ്ണ ലോക്ഡൗൺ ദിനമായ ഇന്ന് ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ തിരക്ക്. 173 വിവാഹങ്ങളാണ് ഇന്നലെ വൈകിട്ട് വരെ ദേവസ്വത്തിൽ ബുക്ക് ചെയ്തത്. ഏറെ വിവാഹ മുഹൂർത്തമുള്ള ദിവസമാണ് മകരമാസത്തിലെ അവസാന ഞായറാഴ്ച കൂടിയായ ഇന്ന്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി ഫോട്ടോഗ്രാഫർമാരടക്കം 12 പേർക്കാണ് വിവാഹമണ്ഡപത്തിനടുത്തേക്ക് പ്രവേശനം അനുവദിക്കുക. ക്ഷേത്രനടയിൽ പ്രവേശിക്കുന്ന വിവാഹ സംഘങ്ങളെ മേൽപ്പത്തൂർ ആഡിറ്റോറിയത്തിലേക്കാണ് ആദ്യം പ്രവേശിപ്പിക്കുക. പിന്നീട് ഊഴമനുസരിച്ച് ഓരോ സംഘങ്ങളെയും വിവാഹമണ്ഡപത്തിലേക്ക് കയറ്റി വിടും. താലികെട്ട് കഴിഞ്ഞ വിവാഹ സംഘങ്ങളെ ക്ഷേത്രപരിസരത്ത് തങ്ങാൻ അനുവദിക്കില്ല. ഇന്നലെ ക്ഷേത്രത്തിൽ 44 വിവാഹങ്ങൾ നടന്നു.
ഭണ്ഡാരംവരവ് 1.84 കോടി
ഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ കഴിഞ്ഞമാസത്തെ ഭണ്ഡാരം വരവായി 1.84 കോടി ലഭിച്ചു. 1.54കിലോ സ്വർണ്ണവും 6.190 കിലോ വെള്ളിയും ഭണ്ഡാരത്തിൽ നിന്നും ലഭിച്ചു. കാത്തലിക് സിറിയൻ ബാങ്കിന്റെ ഗുരുവായൂർ ശാഖയ്ക്കായിരുന്നു ഭണ്ഡാരം എണ്ണി തിട്ടപ്പെടുത്താനുള്ള ചുമതല. കൊവിഡിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണം വന്നതോടെയാണ് ഇത്തവണ ഭണ്ഡാരംവരവിൽ കുറവ് വന്നത്. കഴിഞ്ഞ മാസത്തെ ഭണ്ഡാരംവരവ് 4. 32 കോടിയായിരുന്നു.