eat
നായക്കുട്ടിക്ക് ഭക്ഷണം നൽകുന്ന കേബിൾ ജീവനക്കാരൻ

ചാലക്കുടി: കേബിൾ വിഷൻ ജീവനക്കാർ രക്ഷകരായി, ടെറസിന് മുകളിൽ അവശയായി കിടന്ന നായക്കുട്ടിക്ക് പുനർജ്ജന്മം. ചാലക്കുടി കേബിൾ വിഷൻ ജീവനക്കാരായ ചാലക്കുടി തെക്കേടത്ത് സുബിൻ, താഴേക്കാട് സ്വദേശി ബെനറ്റ് എന്നിവരുടെ ആർദ്രമായ പ്രവൃത്തിയാണ് നായക്കുട്ടിക്ക് ജീവൻ തിരിച്ചുകിട്ടാൻ ഇടയാക്കിയത്.

കേബിൾ കണക്‌ഷൻ നൽകുന്നതിനായി ഇരുവരും കടിച്ചീനി കോംപ്ലക്‌സ് കെട്ടിടത്തിന്റെ മുകളിലെത്തിയപ്പോൾ പൊരിവെയിലത്ത് അവശനിലയിൽ കിടക്കുന്ന ആറുമാസത്തോളം പ്രായമുള്ള നായകുട്ടിയെ കണ്ടത്. നിൽക്കാനോ കുരയ്ക്കാനോ പറ്റാത്ത അവസ്ഥയിലായിരുന്നു നായക്കുട്ടി. കേബിൾ ജോലികൾ നിറുത്തിവച്ച് യുവാക്കൾ നായക്കുട്ടിയെ പരിചരിച്ചു.

കാർഡ്ബോർഡ് പെട്ടിയിലാക്കി താഴിയിറക്കി. പാലും ബിസ്‌കറ്റും വാങ്ങിക്കൊടുത്തതോടെ നായക്കുട്ടി ഉഷാറായി. വിവരമറിഞ്ഞ് കോംപ്ലക്‌സിലെ വ്യാപാരികളും നായക്കുട്ടിക്കരികിലെത്തി അതിന്റെ സംരക്ഷണം ഏറ്റെടുത്തു. പുതുജന്മം ലഭിച്ച നായക്കുട്ടി വ്യാപാരികളുടെ കണ്ണിലുണ്ണിയായപ്പോൾ സുബിനും ബെനറ്റും നാട്ടുകാരുടെ അഭിനന്ദനവും ഏറ്റുവാങ്ങി.