kudumbaroga-kandaram

കൊടകര : കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പരിശോധനകളിലും വിലയിരുത്തലുകളിലും കൊടകരയിലെ സർക്കാർ കുടുംബാരോഗ്യ കേന്ദ്രം നാഷണൽ ക്വാളിറ്റി അക്രേഡിറ്റേഷൻ സ്റ്റാൻഡേർഡ് അംഗീകാരം നേടി. കോട്ടയം കുറുപ്പുന്തറയിലുള്ള കുടുംബാരോഗ്യ കേന്ദ്രവും, അറുന്നൂറ്റിമംഗലത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രവുമാണ് കൊടകരയോടൊപ്പം സംസ്ഥാനത്ത് നിന്നും ഈ ബഹുമതി കരസ്ഥമാക്കിയ ഇതര ആരോഗ്യ കേന്ദ്രങ്ങൾ.

അതിൽ അറുന്നൂറ്റിമംഗലം പി.എച്ച്.സിക്ക് നിബന്ധനയോടെയുള്ള സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. എൻ.ക്യു.എ.എസ് അംഗീകാരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ വരുന്ന മൂന്ന് വർഷങ്ങളിൽ ഓരോ വർഷവും ആശുപത്രിയുടെ പുരോഗമന പ്രവർത്തനങ്ങൾക്കായി രണ്ട് ലക്ഷം രൂപ വീതം ലഭിക്കും. ആശുപത്രികളുടെ ദേശീയ ഗുണനിലവാരം ഉറപ്പാക്കുന്ന പരിശോധനയിൽ 89 ശതമാനം മാർക്കോടെയാണ് കൊടകര കുടുംബാരോഗ്യ കേന്ദ്രം എൻ.ക്യു.എ.എസ് അംഗീകാരം നേടിയത്. ആശുപത്രികളുടെ ദേശീയ ഗുണനിലവാര പരിശോധനയിൽ കൊടകര ഈ നേട്ടം കൈ വരിച്ചത്. ഇതുവരെയായി പത്തോളം കുടുംബാരോഗ്യ കേന്ദ്രങ്ങളാണ് ഈ നേട്ടം കൈവരിച്ചത്. കേന്ദ്ര ഗവണ്മെന്റ് നിയോഗിച്ച സംഘമാണ് ഈ ആശുപത്രിയിൽ സന്ദർശനം നടത്തി 50 ഓളം പോയിന്റുകളെ അടിസ്ഥാനമാക്കി ഓരോ വിഭാഗത്തെയും തരം തിരിച്ചാണ് വിലയിരുത്തൽ നടത്തിയത്.

പ്രവർത്തന മികവ് ഇങ്ങനെ


ഒ.പി വിഭാഗത്തിന്റെ പ്രവർത്തന മികവ് 87.80 ശതമാനം
ലാബിന്റെ പ്രവർത്തനത്തിനും സൗകര്യത്തിനും 91.34 ശതമാനം
ദേശീയ ആരോഗ്യ പദ്ധതികൾ പ്രാവർത്തികമാക്കുന്ന മികവിന് 82.25 ശതമാനം
ഫാർമസി, ജനറൽ അഡ്മിനിസ്‌ട്രേഷൻ എന്നിവയുടെ മികവിന് 93.35 ശതമാനം
രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിൽ നൽകുന്ന പ്രാധാന്യം 90.62ശതമാനം
അണുവിമുക്തമായി ആശുപത്രിയും പരിസരവും സംരക്ഷിക്കുന്നതിൽ 95.97 ശതമാനം
ഗുണനിലവാരം ഉറപ്പാക്കുന്നതിൽ 85.78 ശതമാനം