ചേലക്കര: വാഴക്കോട് പ്ലാഴി സംസ്ഥാനപാതയുടെ പുനർനിർമ്മാണവുമായി ബന്ധപ്പെട്ട് മന്ത്രി കെ. രാധാകൃഷ്ണന്റെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു. നിർമ്മാണപ്രവർത്തനം സമയബന്ധിതമായി പൂർത്തിയാക്കുന്നതിനായാണ് വിവിധ വകുപ്പുതല ഉദ്യോഗസ്ഥരുടെയും നിർമ്മാണകമ്പനി അധികൃതരെയും പങ്കെടുപ്പിച്ചുള്ള യോഗം ചേലക്കര റസ്റ്റ് ഹൗസിൽ നടന്നത്.

നിർമ്മാണത്തിന്റെ ഭാഗമായി വൈദ്യുതി തൂണുകൾ, ജല വിതരണ പൈപ്പുകൾ, കേബിളുകൾ തുടങ്ങിയവ പലയിടങ്ങളിലും മാറ്റി സ്ഥാപിക്കേണ്ടതുണ്ട്. ഇതിന് വേണ്ട നടപടി ത്വരിത ഗതിയിലാക്കാൻ മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. റോഡ് നിർമ്മാണത്തിനായി കോൺക്രീറ്റ് ചെയ്യുമ്പോൾ ദിവസങ്ങളോളം ഉണ്ടാകാനിടയുള്ള ഗതാഗത തടസം പരിഹരിക്കുന്നതിനു വേണ്ടി വഴിതിരിച്ചുവിടുന്നതിനുള്ള മുൻകരുതൽ എടുക്കുന്നതിനും യാത്രാക്ലേശം ലഘൂകരിക്കുന്നതിനും വേണ്ടത്ര സുരക്ഷ ഒരുക്കുന്നതിനും പൊലീസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

വാഴക്കോട് മുതൽ പ്ലാഴി വരെയുള്ള 22.7 കീലോമീറ്റർ റോഡ് ഏഴ് മീറ്റർ വീതിയിലാണ് ഉന്നത നിലവാരത്തിൽ നിർമ്മിക്കുന്നത്. ആവശ്യ ഇടങ്ങളിൽ പുതിയതായി കലുങ്കുകൾ നിർമ്മിക്കുന്നുണ്ട്. ചേലക്കര പുതുപ്പാലവും പുതുക്കി പണിയുന്നുണ്ട്. 102.33 കോടി രൂപയുടെ നിർമ്മാണമാണ് റോഡ് വികസനവുമായി നടക്കുന്നത്.