പാവറട്ടി: അന്നകര ചിറയ്ക്കൽ ഭഗവതി ക്ഷേത്രത്തിന് സമീപമുള്ള വടക്കാഞ്ചേരി കേച്ചേരിപ്പുഴയിലെ ജീർണ്ണാവസ്ഥയിലായ തോളൂർചിറ (ചിറയ്ക്കൽ കെട്ട് ) പുതുക്കിപ്പണിയുമെന്ന് സേവ്യർ ചിറ്റലപ്പിള്ളി എം.എൽ.എ. കർഷക പ്രതിനിധികൾക്ക് ഉറപ്പുനൽകി. ചിറയ്ക്കൽ കെട്ട് ജീർണാവസ്ഥയിലെന്ന് ജനുവരി 13ന് കേരളകൗമുദി പ്രസിദ്ധീകരിച്ച വാർത്തയെ തുടർന്നാണ് എം.എൽ.എ സ്ഥലം സന്ദർശിച്ച് കർഷകർക്ക് വാഗ്ദാനം നൽകിയത്.

അന്നകര ചിറയ്ക്കൽ കെട്ട് പുതുക്കിപ്പണിയണമെന്ന് കർഷകർ നിരന്തരം ആവശ്യപ്പെട്ടിരുന്നു. കേച്ചേരിപ്പുഴയുടെ ഭാഗമായ പുഴ ആളൂർ - ചോരോത വഴി അന്നകര ചിറയ്ക്കലിനും കടാംതോടിനും മദ്ധേയാണ് ചിറക്കൽ ചീപ്പ്. തോളൂർ പഞ്ചായത്തിന്റെയും മുല്ലശ്ശേരി പഞ്ചായത്തിന്റെ അതിർത്തി പങ്കിടുന്നതാണ് ഈ ചീപ്പ്. വെള്ളം തടഞ്ഞുനിറുത്തി കൃഷി ആവശ്യത്തിന് ജലസേചനം നടത്തുന്നത് പ്രധാന പങ്ക് വഹിക്കുന്നതാണ് ചിറക്കൽ ചീപ്പ്.

എം.എൽ.എ.യുടെ സാന്നിദ്ധ്യത്തിൽ വടക്കാഞ്ചേരി ജലസേചന വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടിവ് എൻജിനിയറും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ചീപ്പും ബണ്ടും പരിശോധിച്ചു. പറപ്പൂർ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ. സുബ്രഹ്മണ്യൻ, വൈസ് പ്രസിഡന്റ് പി.ഒ. ജോസ്, ഡയറക്ടർ ഒ.ടി. ജോസഫ്, സി.പി.എം തോളൂർ ലോക്കൽ സെക്രട്ടറി കെ.എൽ. സെബാസ്റ്റ്യൻ എന്നിവരും എം.എൽ.എയോടൊപ്പം സ്ഥലം സന്ദർശിച്ചു.

ചിറയ്ക്കൽ കെട്ടിന്റെ പ്രാധാന്യം

എളവള്ളി, തോളൂർ, മുല്ലശ്ശേരി, കണ്ടാണശ്ശേരി പഞ്ചായത്തുകളിലെ കൃഷി ആവശ്യങ്ങൾക്ക് ഇവിടെ നിന്നാണ് വെള്ളം കൊണ്ടുപോകുന്നത്. കുടിവെള്ള വിതരണത്തിനായി മൂന്ന് നാല് ചെറുകിട ശുദ്ധജല വിതരണ പദ്ധതികളും അന്നകര ലിഫ്ട് ഇറിഗേഷൻ പദ്ധതിയെ ആശ്രയിച്ച് ആരംഭിച്ചിട്ടുണ്ട്.

പ്രവർത്തനവും ശോചനീയാവസ്ഥയും

പറപ്പൂർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കീഴിലാണ് നിലവിൽ ജലസേചന പ്രവർത്തനങ്ങൾ നടത്തുന്നത്. വർഷത്തിൽ ഒന്നര ലക്ഷത്തിൽ കൂടുതൽ രൂപ ചെലവ് വരുന്നുണ്ട്. ചീപ്പിന്റെ താഴ്ഭാഗത്ത് രണ്ട് മോട്ടോർ ഉപയോഗിച്ച് വെള്ളം സംഭരിക്കും. വർഷങ്ങൾക്ക് മുമ്പ് നിർമ്മിച്ച നടപ്പാലവും ചീപ്പും ജീർണാവസ്ഥയിലാണ്. വെള്ളം തടഞ്ഞുനിറുത്താൻ മരത്തിന്റെ പലകയാണ് ഉപയോഗിക്കുന്നത്.

മരപ്പലകൾ കേടുവന്നതിനാൽ പ്ലാസ്റ്റിക്ക് ഷീറ്റ് ഉപയോഗിച്ചാണ് ചീപ്പിൽ വെള്ളം സംഭരിക്കുന്നത്. നടപ്പാലത്തിന് ക്ഷയം സംഭവിച്ചപ്പോൾ വർഷങ്ങൾക്ക് മുമ്പ് ബലപ്പെടുത്തൽ നിർമ്മാണം നടത്തിയിരുന്നു. ജലസംഭരണ മേഖലയിലെ പുഴ ആഴം കുട്ടണമെന്നും കർഷകർ ആവശ്യപ്പെടുന്നു.

കഴിഞ്ഞ രണ്ടു പ്രളയത്തിൽ അടിഞ്ഞുകൂടിയ മണ്ണും മരങ്ങളും മൂലം പുഴയുടെ ആഴം കുറഞ്ഞിട്ടുണ്ട്. കാർഷിക ആവശ്യത്തിന് ട്രാക്ടർ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് കടന്നുപോകാൻ പറ്റുന്നവിധം പുതിയ പാലം നിർമ്മിക്കണം. മരത്തിന്റെ പലകയ്ക്ക് പകരം ചീപ്പിന് ഷട്ടർ സ്ഥാപിക്കണമെന്ന ആവശ്യവും കർഷകർ എം.എൽ.എയെ അറിയിച്ചു.


തോളൂർ പഞ്ചായത്തിലെ എടക്കളത്തൂർ, മേഞ്ചിറ, വളകുളം പടവ് എന്നിവയ്ക്ക് പുറമെ എടക്കളത്തൂർ പടിഞ്ഞാറെ പാടം, ചെല്ലിപ്പാടം, അന്നകര താഴം, കുർണി പാടം, കാക്കതുരുത്തി, ചെമ്മങ്ങാട് പാടം, അക്കംപാടം, ആളൂർ പാടശേഖരങ്ങളിലേക്ക് വെള്ളം പമ്പു ചെയ്യുന്ന പുഴയോര ബണ്ട് ബലപ്പെടുത്താൻ നടപടിയെടുക്കും. നിലവിലുള്ള ചിറയ്ക്ക് പകരമായി ആധുനിക ഷട്ടർ സൗകര്യമുള്ള ബണ്ട് കെട്ടാൻ നടപടി സ്വീകരിക്കും. കാർഷിക ആവശ്യത്തിനുള്ള വാഹനങ്ങൾ കടന്നുപോകാനുള്ള സൗകര്യത്തോടെയാകും പുതിയ ചീപ്പ് നിർമ്മാണം.

- സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ


കാപ്

ജീർണാവസ്ഥയിലായ ചിറയ്ക്കൽ കെട്ട് (തോളൂർ ചിറ) സേവ്യർ ചിറ്റിലപ്പള്ളി എം.എൽ.എ സന്ദർശിക്കുന്നു.