latha
പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം ലതാ മങ്കേഷ്കറൊപ്പം പ്രദീപ് സോമസുന്ദരം

തൃശൂർ: 'ലതാ മങ്കേഷ്‌കർ ട്രോഫി'യും കൈയിലേന്തി രാജ്യത്തെ ആദ്യ റിയാലിറ്റി ഷോ 'മേരീ ആവാസ് സുനോ'യുടെ വേദിയിൽ ലതാജിയ്ക്കൊപ്പം നിന്നപ്പോൾ പ്രദീപ് സോമസുന്ദരം മനസിൽ പറഞ്ഞു, 'ഇതിലും വലിയ സുവർണനിമിഷം ഇനിയില്ല.. ' ഇപ്പോൾ രാജ്യം ലതാജിയ്ക്ക് വിട നൽകുമ്പോഴും അദ്ദേഹം പറയുന്നു, അങ്ങനെയൊരു ഗായിക ഇനിയില്ല...
മേരീ ആവാസ് സുനോയുടെ ഫൈനലിൽ വിധികർത്താക്കൾ ആരാണെന്ന് മത്സരാർത്ഥികൾ ആരും ആദ്യം അറിഞ്ഞിരുന്നില്ല. വേദിയിൽ വിധികർത്താക്കളെ കണ്ടപ്പോൾ പ്രദീപ് ഞെട്ടി. ലതാ മങ്കേഷ്‌കർ, പണ്ഡിറ്റ് ജസ്‌രാജ്, മന്നാഡെ, ഭൂപൻ ഹസാരിക...


സമ്മാനം കിട്ടിയില്ലെങ്കിലെന്ത്. അവരുടെ മുന്നിൽ നാലുവരി പാടുന്നതിൽ കവിഞ്ഞ് മറ്റെന്ത് സൗഭാഗ്യമുണ്ട് എന്നു മാത്രം ചിന്തിച്ച് പ്രദീപ് പാടി. മന്നാഡേയുടെ പാട്ടുപാടി ഒടുവിൽ വിജയിയായപ്പോഴും ലതാമങ്കേഷ്‌കറുടെ പേരുപതിഞ്ഞ ട്രോഫി ഏറ്റുവാങ്ങുമ്പോഴും അവർ മുഖത്തുനോക്കി ചിരിച്ചപ്പോഴും ഇനി തന്റെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം ആ നിമിഷത്തോളം വരില്ലെന്ന് ഉറപ്പിച്ചു. സ്വപ്ന നിമിഷമായിരുന്നു അത്.

പാടുമ്പോൾ അദ്ദേഹത്തിന്റെ ഹിന്ദി ഉച്ചാരണവും ശ്രദ്ധേയമായിരുന്നു. ആറാം ക്ലാസ് വരെ വടക്കേ ഇന്ത്യയിൽ പഠിച്ചതാകാം അതിന് സഹായകമായതെന്ന് പ്രദീപ് കരുതുന്നു. സുനീതി ചൗഹാനായിരുന്നു ആ റിയാലിറ്റി ഷോയിലെ മറ്റൊരു വിജയി. ചലച്ചിത്രഗാനരംഗത്തും സംഗീത ആൽബങ്ങളിലും കർണാടക സംഗീതത്തിലും ശ്രദ്ധേയനായെങ്കിലും 1996ലെ മേരി ആവാസ് സുനോയുടെ വേദിയും ലതാമങ്കേഷ്‌കർ പുരസ്‌കാരവും തന്നെയാണ് പ്രദീപ് സോമസുന്ദരത്തിന്റെ പേരിന് ഇപ്പോഴും തിളക്കമേറ്റുന്നത്. ഐ.എച്ച്.ആർ.ഡിയുടെ കീഴിലുള്ള മലമ്പുഴ അപ്ലൈഡ് സയൻസ് കോളേജിൽ പ്രിൻസിപ്പലാണ് പ്രദീപ് ഇപ്പോൾ. കാളത്തോട് ഗ്രീൻഗാർഡൻസ് വീട്ടിലെ സ്വീകരണമുറിയിൽ പത്തരമാറ്റ് തിളക്കത്തോടെ ആ ട്രോഫി നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട്.


ലതാജിയുടെ അടക്കമുള്ള അനശ്വരഗായകരുടെ മുന്നിൽ നിന്ന് പാട്ടുപാടി അംഗീകാരം നേടാൻ കഴിഞ്ഞതിലപ്പുറം വലിയ ഭാഗ്യമില്ല. പെർഫെക്ട് ശബ്ദമായിരുന്നു ലതാജിയുടേത്. അതുപോലൊരു ശബ്ദം വേറെയില്ല. ആ സ്വരം അനശ്വരമായി നിലകൊള്ളും.

പ്രദീപ് സോമസുന്ദരം