
തൃശൂർ : കഴിഞ്ഞ വർഷം കാലവർഷക്കെടുതിയിലും വരൾച്ചയിലും മറ്റും വിളനഷ്ടമുണ്ടായ ആയിരക്കണക്കിന് കർഷകർക്ക് മാസങ്ങളായിട്ടും നഷ്ടപരിഹാര തുക ലഭിച്ചില്ല. കൃഷി വകുപ്പിലെ സാമ്പത്തിക പ്രതിസന്ധിയാണ് പ്രശ്നമെന്നാണ് ആരോപണം. കഴിഞ്ഞ വർഷം 22.35 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്നാണ് കൃഷിവകുപ്പിന്റെ കണക്ക്. ഇതുപ്രകാരം നാശം സംഭവിച്ച വിളകൾക്ക് പരമാവധി നൽകാവുന്ന തുക കണക്കാക്കുമ്പോൾ 3.18 കോടി മാത്രമാണ് നൽകുക. എന്നാൽ 2021 എപ്രിൽ 30 വരെയുള്ള അപേക്ഷ പ്രകാരം 62 ലക്ഷം മാത്രമാണ് ഇതുവരെ നൽകിയത്.
അതിന് ശേഷമാണ് കാലവർഷം മൂലം ഉണ്ടായ കോടിക്കണക്കിന് രൂപയുടെ കൃഷിനാശം. പ്രാഥമികറിപ്പോർട്ട് പ്രകാരമാണ് ഇത്രയും തുകയുടെ നഷ്ടം കണക്കാക്കപ്പെടുന്നതെന്നാണ് വിവരം. നെൽക്കൃഷിയും മറ്റും വെള്ളം കയറുമ്പോൾ നൽകുന്ന റിപ്പോർട്ട് അനുസരിച്ചാണ് നഷ്ടതുക കണക്കാക്കുന്നത്. എന്നാൽ പിന്നീട് നടത്തുന്ന പരിശോധനകളിൽ ഇത്ര നഷ്ടം സംഭവിച്ചതായി കണ്ടെത്താൻ കഴിയുന്നില്ലെന്നാണ് അധികൃതരുടെ വാദം.
ആകെ അപേക്ഷകൾ 4017
പ്രകൃതിക്ഷോഭങ്ങളിൽപ്പെട്ട് ആയിരക്കണക്കിന് പേർക്ക് വിള നഷ്ടമുണ്ടായെങ്കിലും കൃഷിവകുപ്പിന്റെയും പഞ്ചായത്തിന്റെയും വില്ലേജ് ഓഫീസുകളുടെയും പരിശോധനകൾക്ക് ശേഷമുള്ള കണക്ക് പ്രകാരം കഴിഞ്ഞ വർഷം ജനുവരി മുതൽ ഡിസംബർ വരെയുള്ള കണക്ക് പ്രകാരം 4017 പേരാണ് നഷ്ടപരിഹാരത്തിന് അർഹരായത്. ഇതിൽ 1003 പേർക്ക് മാത്രമാണ് ഇതുവരെ പണം നൽകിയത്. കൂടുതൽ കൃഷിനാശം സംഭവിച്ചത് നെല്ലിനും വാഴയ്ക്കുമാണ്. ഒരു ഹെക്ടർ നെൽക്കൃഷി നശിച്ചാൽ ലഭിക്കുക 13,500 രൂപ മാത്രമാണ്. വാഴയ്ക്കാകട്ടെ നൂറു രൂപയും. അതേസമയം വിളകൾ ഇൻഷ്വർ ചെയ്താൽ നെല്ലിന് ഹെക്ടറിന് 3,500 രൂപ വരെ ലഭിക്കും. കൂടാതെ സർക്കാർ നൽകുന്ന 13,500 രൂപയ്ക്കും കൂടി ഇവർ അർഹരാണെന്ന് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. വാഴയ്ക്ക് നൂറു രൂപയാണ് ലഭിക്കുന്നതെങ്കിൽ ഇൻഷ്വർ ചെയ്തവർക്ക് ലഭിക്കുന്ന 300 രൂപയ്ക്ക് പുറമേ കൃഷി വകുപ്പിന്റെ നൂറു രൂപയും ലഭിക്കും.
വിലയിട്ടു, പക്ഷേ...
2021ൽ കാർഷിക വിളകളുടെ നഷ്ടം 22.35 കോടി
നഷ്ടപരിഹാര തുക 3.18 കോടി
നൽകിയത് 62 ലക്ഷം
പരിശോധനകൾക്ക് ശേഷമുള്ള അപേക്ഷകൾ 4017
സഹായം നൽകിയത് 1003
ഇതുവരെ നൽകിയത്
2021 എപ്രിൽ 30 വരെയുള്ള അപേക്ഷകൾക്ക്