paramekkavu

തൃശൂർ: പാറമേക്കാവ് ക്ഷേത്രത്തിലെ സ്വർണ്ണ ധ്വജപ്രതിഷ്ഠ ഇന്ന്. രാവിലെ പത്തിനും 10.40നും മദ്ധ്യേയാണ് പ്രതിഷ്ഠാചടങ്ങ്. കലശച്ചടങ്ങുകൾ ഇന്ന് മുതൽ ഫെബ്രുവരി പത്ത് വരെ നടക്കും. ആറര കോടി ചെലവിലാണ് കൊടിമരം നിർമ്മിച്ചിരിക്കുന്നത്. പത്തര കിലോ തങ്കമാണ് ഉപയോഗിച്ചിരിക്കുന്നത്.

അനന്തൻ ആചാരിയാണ് പ്രധാന ശിൽപ്പി. ബാലകൃഷ്ണൻ ആചാരിയും സംഘവുമാണ് തങ്കം പൊതിഞ്ഞത്. ഭക്തരുടെ വഴിപാടും ദേവസ്വത്തിലെ സ്വർണ്ണവും ഉപയോഗിച്ചാണ് കൊടിമരം നിർമ്മിച്ചിരിക്കുന്നത്. ഒരു വർഷം മുമ്പാണ് നിർമ്മാണം തുടങ്ങിയത്. തൃശൂർ പൂരത്തിന് ഈ കൊടിമരത്തിലായിരിക്കില്ല കൊടിയേറ്റുക. പത്ത് മുതൽ 17 വരെയാണ് തിരുവുത്സവം. 10ന് ദീപാരാധനയ്ക്ക് ശേഷം ഉത്സവം കൊടിയേറും. അമ്പലപ്പുഴ വിജയകുമാറിന്റെ അഷ്ടപദിയും ചേറൂർ രാജപ്പൻ മാരാരുടെ പ്രാമാണത്തിൽ പഞ്ചാരി മേളവും നടക്കും.

11ന് രാവിലെ ശീവേലിക്ക് ശേഷം പെരുവനം കുട്ടൻമാരാരുടെ നേതൃത്വത്തിൽ ചെമ്പടമേളവും രാത്രി 8.15ന് പനമണ്ണ ശശി, മട്ടന്നൂർ ശ്രീരാജ്, ഏലൂർ അരുൺദേവ് വാര്യർ, തിരുവില്വാമല ശ്രീജിത്ത് എന്നിവർ അണിനിരക്കുന്ന ഡബിൾ കേളിയും അവതരിപ്പിക്കും. 16ന് പള്ളിവേട്ട നാളിൽ രാവിലെ എട്ടിന് പത്ത് നാഴിക പഞ്ചാരി മേളത്തിനും രാത്രി 8.30നുള്ള പാണ്ടിമേളത്തിനും പെരുവനം കുട്ടൻമാരാർ നേതൃത്വം നൽകും.

17ന് ആറാട്ട് നാളിൽ രാവിലെ ശീവേലിക്ക് ശേഷം കേളത്ത് അരവിന്ദാക്ഷൻമാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളവും വൈകിട്ട് നാലിന് ഏഴ് ആനപ്പുറത്ത് എഴുന്നെള്ളിപ്പും രാത്രി 7.30ന് പരക്കാട് തങ്കപ്പൻമാരാരും കുനിശേരി ചന്ദ്രനും തുടങ്ങിയവർ നേതൃത്വം നൽകുന്ന പഞ്ചവാദ്യവും ഉണ്ടാവും. ക്ഷേത്രം തന്ത്രി പുലിയന്നൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, ആചാര്യൻ അണ്ടലാടി ദിവാകരൻ നമ്പൂതിരിപ്പാട്, മേൽശാന്തി കരികന്നൂർ വടക്കേടത്ത് വാസദേവൻ നമ്പൂതിരി തുടങ്ങിയവർ മുഖ്യകാർമ്മികത്വം വഹിക്കും.