വടക്കാഞ്ചേരി: പ്രസിദ്ധമായ മച്ചാട് തിരുവാണിക്കാവിലെ മാമാങ്കത്തിന് മുന്നോടിയായി നടക്കുന്ന പറപ്പുറപ്പാട് ഈ വർഷം ഉണ്ടാകുമോ എന്ന ആയങ്കയിലാണ് തട്ടകവാസികൾ. കൊവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞവർഷം പറപ്പുറപ്പാട് ചടങ്ങ് മാത്രമായാണ് നടന്നത്. മച്ചാട് മാമാങ്കത്തിനേക്കാൾ പ്രധാന്യമുള്ളതാണ് പറപ്പുറപ്പാട്. ആചാരാനുഷ്ഠാനങ്ങളോടെ നടക്കുന്ന പറപ്പുറപ്പാട് ചടങ്ങ് പ്രസിദ്ധമാണ്. ജനങ്ങളുടെ ക്ഷേമമന്വേഷിക്കാനായി ഭഗവതി ആണ്ടിലൊരിക്കൽ ഊരു ചുറ്റുന്നു എന്നാണ് വിശ്വാസം. മുപ്പെട്ട് വെളളിയാഴ്ചയാണ് പറപ്പുറപ്പാട് നടക്കുന്നത്. ഇളയത് കുടുംബത്തിലുളളവർ ഭഗവതിയെ തന്നിലേക്ക് ആവാഹിച്ച് ഓരോ വീടുകളിലുമെത്തിയാണ് പറയെടുപ്പ് നടത്തുക. ഭഗവതിയെ എടുപ്പന്മാർ തോ ളിലേറ്റിയാണ് വീടുകളിൽ എത്തുക. നിലവിളക്ക് കത്തിച്ചു വച്ചു കാണുന്ന എല്ലാ വീടുകളിൽ നിന്നും ജാതി മത ഭേതമന്യ പറയെടുക്കും. വർഷത്തിൽ ഒരിക്കൽ ഭഗവതി തങ്ങളുടെ വീടുകളിലെത്തുന്നത് ഏറെ സന്തോഷത്തോടെയും ഭക്തിയോടെയുമാണ് ജനം ഉൾക്കൊള്ളുന്നത്. ചടങ്ങിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിഷയം ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തു മെന്ന് മച്ചാട് മാമാങ്കത്തിന്റെ ഈ വർഷത്തെ ഊഴക്കാരായ പുന്നംപറമ്പ് ദേശക്കാരായ കെ. രാമചന്ദ്രൻ, സെക്രട്ടറി ടി.എസ്. ജയൻ, ട്രഷററർ സി.എ. നന്ദകുമാർ എന്നിവർ അറിയിച്ചു. ഈ മാസം 18 നാണ് പറപ്പുറപ്പാട്. 22 നാണ് മച്ചാട് മാമാങ്കം.