kaimari
വീടിന്റെ താക്കോൽ ലക്ഷ്മി ജുവലറി ഉടമ വി.ആർ. സജീവൻ കൈമാറുന്നു.

കൊടുങ്ങല്ലൂർ: സുമനസുകളെല്ലാം കൈകോർത്തപ്പോൾ രാജേഷിന്റെ കുടുംബത്തിന് നല്ലൊരു വീടെന്ന സ്വപ്നം യാഥാർത്ഥ്യമായി. 2020 ഡിസംബർ 19ന് വാളയാറിൽ നടന്ന വാഹനാപകടത്തിൽ മരണപ്പെട്ട തിരുവഞ്ചിക്കുളം താന്നിക്കപ്പറമ്പിൽ രാജേഷിന്റെ കുടുംബത്തിനാണ് നാട്ടുകാരുടെയും, സുഹൃത്തുക്കളുടെയും നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകിയത്. രാജേഷിന്റെ മരണത്തെ തുടർന്ന് ഭാര്യയും, പിഞ്ചു കുഞ്ഞും, പ്രായമായ അച്ഛനുമടങ്ങുന്ന ഈ കുടുംബത്തിന്റെ സ്ഥിതി ദയനീയമായിരുന്നു. തങ്ങളുടെ പ്രതീക്ഷകൾക്ക് മങ്ങലേറ്റ സമയത്താണ് ഇവരുടെ മുമ്പോട്ടുള്ള ജീവിതത്തിന് കരുതലേകാൻ വാർഡ് കൗൺസിലർ സുനിൽകുമാറിന്റെ നേതൃത്വത്തിൽ നാട്ടുകാരും, രാജേഷിന്റെ സുഹൃത്തുക്കളും ചേർന്ന് വീട് നിർമ്മിക്കാനുള്ള പദ്ധതിക്ക് ജീവൻ നൽകിയത്.

പണി പൂർത്തികരിച്ച ഭവനത്തിന്റെ ഗൃഹപ്രവേശന ചടങ്ങ് ഇന്നലെ നടത്തി. വീട് നിർമ്മിച്ച് നൽകിയ ലക്ഷ്മി ജുവലറി ഉടമ വി.ആർ. സജീവൻ വീടിന്റെ താക്കോൽ രാജേഷിന്റെ കുടുംബത്തിന് കൈമാറി. വാർഡ് കൗൺസിലർ കെ.എ. സുനിൽകുമാർ ആധാരവും കൈമാറി. ടി.എസ്. രാജീവ് കുമാർ, കെ.എ. ഷാഹിദ്, കെ.എം. വേണു, പ്രശോഭ് എന്നിവരും നാട്ടുകാരും, മറ്റ് സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.