mdma-

തൃശൂര്‍: എം.ഡി.എം.എ അടക്കമുള്ള മാരക മയക്കുമരുന്നുകളുടെ വിപണനവും ഉപയോഗവും കൂടിയതോടെ മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളെ കണ്ടെത്തി മയക്കുമരുന്ന് കച്ചവടത്തിലൂടെ അനധികൃതമായി ആര്‍ജ്ജിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നിയമനടപടി സ്വീകരിക്കാൻ പൊലീസ്.

മിഷന്‍ ഡാഡ് ഓപ്പറേഷനിലൂടെ വലിയ അളവിൽ ജില്ലയുടെ പലയിടങ്ങളിൽ നിന്ന് കഞ്ചാവും മയക്കുമരുന്നും പിടികൂടിയിരുന്നു. ഈ കണ്ണികൾക്ക് വൻ സാമ്പത്തിക സ്രോതസുള്ളതായാണ് പൊലീസിന് ലഭിച്ച വിവരം. അതിൻ്റെ അടിസ്ഥാനത്തിലാണ് വൻ കണ്ണികളുടെ സ്വത്ത് കണ്ടുകെട്ടാനുള്ള ശ്രമങ്ങൾക്ക് പൊലീസ് തുടക്കമിടുന്നത്.

കൊടകരയിൽ അടുത്ത കാലത്തെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയായിരുന്നു കഴിഞ്ഞദിവസമുണ്ടായത്. ചരക്കുലോറിയില്‍ അതിവിദഗ്ധമായി ഒളിപ്പിച്ച് കടത്തുകയായിരുന്ന നാനൂറ്റി അറുപത് കിലോയോളം കഞ്ചാവുമായി മൂന്നു പേരെയും പിടികൂടിയിരുന്നു. ആന്ധ്രയില്‍ നിന്നും കിലോയ്ക്ക് അയ്യായിരം രൂപയ്ക്ക് വാങ്ങുന്ന മേല്‍ത്തരം ഗ്രീന്‍ കഞ്ചാവ് കേരളത്തിലെത്തിച്ച് ചില്ലറ വില്‍പന നടത്തുമ്പോള്‍ ഗ്രാമിന് അഞ്ഞൂറു മുതല്‍ മുകളിലേക്കാണ് വില ഈടാക്കുന്നത്.

ആന്ധ്രയിൽ നിന്ന് ചരക്കുലോറിയില്‍ പാക്കറ്റുകളാക്കി കടലാസ് പെട്ടികള്‍ കൊണ്ടുമൂടിയാണ് കഞ്ചാവ് കടത്തിയിരുന്നത്.

എം.ഡി.എം.എയ്ക്ക് ഒരു ഗ്രാമിന് മാത്രം ആയിരങ്ങളാണ് വില. ആളും തരവും അനുസരിച്ച് വില കൂട്ടും. കഴിഞ്ഞ മാസം ഗവ.മെഡിക്കൽ കോളേജിലെ ഹൗസ് സർജനും എം.ഡി.എം.എയുമായി പിടിയിലായപ്പോഴാണ് മയക്കുമരുന്ന് കടത്തിൻ്റെ ആഴവും പരപ്പും പൊലീസിന് വ്യക്തമായത്. അക്രമങ്ങളും മയക്കുമരുന്ന് കടത്തും മണല്‍കടത്തും അടക്കമുള്ളവ തടയാന്‍ 'ഓപ്പറേഷന്‍ കാവല്‍' എന്ന പേരില്‍ പ്രത്യേക പദ്ധതിയുമായി പൊലീസ് നടപടികൾ ആരംഭിച്ചിരുന്നു. ഇതിനു പിന്നാലെയാണ് മിഷന്‍ ഡാഡ് തുടങ്ങിയത്.

മയക്കുമരുന്ന് ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും വിപണനവും തടയുന്നതിന്റെ ഭാഗമായി തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ നടത്തിയ 3579 റെയ്ഡുകളില്‍ 500 കിലോഗ്രാം മയക്കുമരുന്നാണ് പിടിച്ചെടുത്തത്. 289 പേര്‍ അറസ്റ്റിലായി. തൃശൂര്‍ മേഖലാ പൊലീസിന്റെ കീഴില്‍ ജനുവരി 21 മുതല്‍ കഴിഞ്ഞ വെള്ളിയാഴ്ച വരെ നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവിലാണ് (മിഷന്‍ ഡാഡ്) നടപടി. ഡി.ഐ.ജി എ.അക്ബറിന്റെ നിര്‍ദ്ദേശപ്രകാരം തൃശൂര്‍ സിറ്റി, റൂറല്‍, പാലക്കാട്, മലപ്പുറം ജില്ലാ പൊലീസ് മേധാവികളുടെ നേത്യത്വത്തിലായിരുന്നു സ്‌പെഷ്യല്‍ ഡ്രൈവ്. കഞ്ചാവ്, എം.ഡി.എം.എ. അടക്കമാണ് 500 കിലോഗ്രാമോളം മയക്കുമരുന്ന് പിടിച്ചെടുത്തത്.

ലഹരി വസ്തുക്കളുടെ വിപണനവും ഉപയോഗവും തടയുന്നതിന്റെ ഭാഗമായി ശക്തമായ നടപടി തുടരും.

എ.അക്ബര്‍,

ഡി.ഐ.ജി, തൃശൂർ റേഞ്ച്