കൊടുങ്ങല്ലൂർ: ബ്രാഹ്മണരുടെ കാൽകഴുകിച്ചൂട്ടിനെതിരെ നവോത്ഥാന കൂട്ടായ്മ സംഘടിപ്പിച്ച യാത്രയോട് സംഘപരിവാർ അസഹിഷ്ണതയാണ് വെളിവാക്കപ്പെട്ടെതെന്ന് സി.പി.എം എടവിലങ്ങ് ലോക്കൽ കമ്മിറ്റി ആരോപിച്ചു.
വിവിധ സാമുദായിക സാംസ്‌കാരിക പ്രവർത്തകരുടെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സംഘടിപ്പിച്ച നവോത്ഥാന യാത്രയോട് അനുബന്ധിച്ച് എടവിലങ്ങ് എസ്.എൻ.ഡി.പി ശാഖയിൽ നാരങ്ങാനീര് വിതരണം ചെയ്യുവാനുള്ള സാധനങ്ങൾ ഇരുപതോളം വരുന്ന സംഘപരിവാർ പ്രവർത്തകർ നശിപ്പിക്കുകയും ശാഖാ ഓഫീസിൽ അക്രമം അഴിച്ചുവിടുകയും ചെയ്തിരുന്നു. ഇത് നവോത്ഥാന സമരത്തോട് സംഘപരിവാർ സംഘടനകൾ കാണിക്കുന്ന അസഹിഷ്ണതയാണെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി പ്രസ്താവനയിൽ വ്യക്തമാക്കി. തങ്ങൾക്ക് സ്വീകാര്യമല്ലാത്ത ആശയങ്ങളോട് ഫാസിസ്റ്റ് രീതി പുലർത്തുക തന്നെയാണ് സംഘപരിവാറിന്റെ നിലപാടെന്ന് സി.പി.എം ലോക്കൽ സെക്രട്ടറി സി.എ. ഷെഫീർ അഭിപ്രായപ്പെട്ടു. ഇത്തരം സമീപനങ്ങളോട് സി.പി.എം ശക്തമായ ജനകീയ പ്രതിരോധം സൃഷ്ടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.