പാവറട്ടി: മുല്ലശ്ശേരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.ഐ ലോക്കൽ കമ്മിറ്റി സെക്രട്ടറിയുമായിരുന്ന അന്തരിച്ച എ.പി. ബെന്നിയുടെ കുടുംബത്തെ സഹായിക്കാനായി സി.പി.ഐ മണലൂർ മണ്ഡലം കമ്മിറ്റി സ്വരൂപിച്ച ഫണ്ട് കുടുംബത്തിന് കൈമാറി. വീടിനും സ്ഥലത്തിനും മേൽ ഉണ്ടായിരുന്ന ലോൺ ബാദ്ധ്യത ഒഴിവാക്കിയശേഷം ശേഷിക്കുന്ന സംഖ്യ ഭാര്യയുടെയും ഏകമകളുടെയും പേരിൽ അന്തിക്കാട്ടെ തൃശൂർ താലൂക്ക് ചെത്ത് തൊഴിലാളി വിവിദ്യോദ്ദേശ സഹകരണ സംഘത്തിൽ സ്ഥിര നിക്ഷേപമായി നിക്ഷേപിച്ച രേഖയാണ് കൈമാറിയത്.
സി.പി.ഐ ദേശീയ കൗൺസിൽ അംഗം സി.എൻ. ജയദേവൻ ബെന്നിയുടെ സഹധർമ്മിണി മിനി, മകൾ ജിബിന റോസ് എന്നിവർക്ക് നിക്ഷേപ രേഖ കൈമാറി ചടങ്ങ് ഉദ്ഘാടനം ചെയ്തു. മുല്ലശ്ശേരി ഹിന്ദു യു.പി സ്‌കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ സെക്രട്ടറി കെ.കെ. വത്സരാജ് അദ്ധ്യക്ഷനായി. സംസ്ഥാന കൗൺസിൽ അംഗം മുൻ മന്ത്രി വി.എസ്. സുനിൽകുമാർ, ജില്ലാ എക്‌സികൂട്ടീവ് അംഗം പി.കെ. കൃഷ്ണൻ, സഹായ സമിതി ചെയർമാൻ എൻ.കെ. സുബ്രഹ്മണ്യൻ, മണലൂർ മണ്ഡലം സെക്രട്ടറി വി.ആർ. മനോജ്, ജില്ലാ കൗൺസിൽ അംഗങ്ങളായ കെ.വി. വിനോദൻ, രാഗേഷ് കണിയാംപറമ്പിൽ, കൺവീനർ വി.കെ. രവീന്ദ്രൻ, മണ്ഡലം അസി. സെക്രട്ടറി പി.എസ്. ജയൻ തുടങ്ങിയവർ സംസാരിച്ചു.
നവംബർ 23 നാണ് എ.പി. ബെന്നി കുഴഞ്ഞ് വീണ് മരിക്കുന്നത്. ആഴ്ചകൾക്കുള്ളിൽ കുടുംബ സഹായ സമിതിക്ക് രൂപം നൽകുകയായിരുന്നു. 10 ലക്ഷം പിരിച്ചെടുക്കാനായിരുന്നു സഹായ സമിതി തീരുമാനിച്ചതെങ്കിലും ജനങ്ങളുടെയും സ്ഥാപനങ്ങളുടെയും സഹകരണത്തിലൂടെ 21 ദിവസം കൊണ്ട് 11 ലക്ഷം രൂപയാണ് പിരിച്ചെടുത്തത്.