kudivellam
ശുദ്ധജല ക്ഷാമം രൂക്ഷമായ എടത്തിരുത്തിയിൽ അർബാനയിൽ വെള്ളംകൊണ്ടു വരുന്ന പ്രദേശവാസി

എടത്തിരുത്തി നാലാം വാർഡിൽ

കയ്പമംഗലം: എടത്തിരുത്തിയിൽ ശുദ്ധജല ക്ഷാമം രൂക്ഷം. നാലാം വാർഡ് താടിക്കാരൻ റോഡ് പരിസരത്തെ അമ്പതോളം വീടുകളിൽ കുടിവെള്ളമെത്തിയിട്ട് മാസങ്ങളായി. നാട്ടിക ഫർക്ക ശുദ്ധജല പദ്ധതി വഴിയാണ് ഇവിടേക്ക് വെള്ളമെത്തിക്കുന്നത്. എന്നാൽ എട്ട് മാസത്തോളമായി ഈ മേഖലയിൽ കുടിവെള്ളമെത്തിയിട്ട്. എല്ലാ വീടുകളിലും വാട്ടർ കണക്ഷൻ ഉണ്ടെങ്കിലും വെള്ളമില്ലാത്ത സ്ഥിതിയാണ്. വെള്ളമില്ലെങ്കിലും രണ്ട് മാസം കൂടുമ്പോൾ കൃത്യമായി ബിൽ വരുന്നുണ്ടെന്നും വീട്ടുകാർ പറയുന്നു. ചിലർ പണം മുടക്കിയാണ് കുടിവെള്ളം വാങ്ങുന്നത്. ചില വീടുകളിൽ കിണറുകളുണ്ടെങ്കിലും ഉപ്പു വെള്ളം കാരണം കുടിക്കാനും, ഭക്ഷണം പാചകം ചെയ്യാനും കഴിയാത്ത അവസ്ഥയാണ്. പ്രദേശത്തെ ശുദ്ധജലം ലഭിക്കുന്ന കിണറുകളിൽ നിന്ന് കുടിവെള്ളം ശേഖരിച്ച് കൊണ്ടുവന്നാണ് ഇവിടെയുള്ളവർ വീട്ടുപയോഗം നടത്തുന്നത്. പഞ്ചായത്ത് ആഴ്ചയിൽ ടാങ്കറുകളിൽ കുടിവെള്ളം എത്തിക്കുന്നുണ്ടെങ്കിലും ഒന്നിനും തികയാത്ത അവസ്ഥയാണുള്ളതെന്ന് പ്രദേശവാസികൾ പറയുന്നു.

പണം കൊടുത്ത് അകലങ്ങളിൽ നിന്ന് വെള്ളം കൊണ്ടുവന്ന് ഉപയോഗിക്കേണ്ട ഗതികേടാണ് ഇവിടുത്തെ ജനങ്ങൾക്ക്. പല തവണ അധികൃതരോട് പരാതി പറഞ്ഞെങ്കിലും ഓരോ കാരണങ്ങൾ പറഞ്ഞ് ഒഴിയുകയാണ് പതിവ്.

ടി.എൻ. ഷാജി

പൊതു പ്രവർത്തകൻ


ശുദ്ധ ജലപൈപ്പുകൾ പൊട്ടിയത് യഥാസമയം ടെൻഡർ വിളിച്ച് മെയിന്റനൻസ് നടത്താത്താണ് പലയിടത്തും കുടിവെള്ള ക്ഷാമം രൂക്ഷമാകൻ കാരണം. ഇത് സംബന്ധിച്ച് എം.എൽ.എയ്ക്കും, ജല അതോറിറ്റിക്കും പരാതി നൽകിയിട്ടുണ്ട്.

വി.വി. ജയൻ

നാലാം വാർഡ് അംഗം