
ചാലക്കുടി: ഏഴായി ഒഴുകുന്ന പുഴ. അവയെ വേർതിരിക്കുന്ന പച്ചതുരുത്തുകൾ. ഒപ്പം കൊച്ചുകൊച്ച് വെള്ളച്ചാട്ടങ്ങൾ.
തുമ്പൂർമുഴി ആർച്ച് ഡാമിന് താഴെ ചാലക്കുടിപ്പുഴയിൽ പുറം ലോകം അറിയാത്തൊരു കൗതുക ലോകമാണിത്. മനോഹാരിതയ്ക്ക് മേമ്പൊടിയായി പാറക്കൂട്ടങ്ങളും.
വൈവിദ്ധ്യങ്ങൾ സൃഷ്ടിച്ചൊഴുകുന്ന ചാലക്കുടിപ്പുഴയുടെ അറിയപ്പെടാത്ത മറ്റൊരു അത്ഭുതമായ പ്രദേശത്തേയ്ക്ക് ഇപ്പോൾ വിനോദ സഞ്ചാരികൾക്ക് പ്രവേശനമില്ല. എഴുന്നൂറ് മീറ്ററോളം വീതിയുണ്ട് ഇവിടം. ഏഴ് ചാലുകളായി ഒഴുകി ഒടുവിൽ അര കിലോ മീറ്ററോളം ദൂരെ ഒന്നാകുന്ന പ്രതിഭാസം തുമ്പൂർമുഴിയുടെ മാത്രം പ്രത്യേകതയാണ്.
ഏഴാറുകളുടെ സംഗമമാണ് എറണാകുളം ജില്ലാ അതിർത്തിയിലെ പ്രദേശം ഏഴാറ്റുമുഖമെന്ന പേരിലറിയപ്പെടുന്നത്. പ്രകൃതിയൊരുക്കിയ വശ്യ സൗന്ദര്യത്തിന്റെ പിന്നാമ്പുറത്ത് പതിയിരുക്കുന്ന അപകടങ്ങളും ചെറുതല്ല. പലയിടത്തും ആഴമറിയാത്ത കയങ്ങൾ പിന്നിട്ട കാലങ്ങളിൽ നിരവധി ജീവൻ കവർന്നിട്ടുണ്ട്. ഏഴാറ്റുമുഖത്തിന് താഴെയുള്ള തോണിക്കയത്തിന്റെ താഴെ വർഷങ്ങൾക്ക് മുൻപ് മൂന്നു വിദ്യാർത്ഥികളുടെ ജീവൻ ഒന്നിച്ചു പൊലിഞ്ഞത് ഇന്നും നടക്കുന്ന ഓർമ്മയാണ്. ബാഹുബലി സിനിമയിലൂടെ തുരുത്തുകളുടെ മനോഹാരിത അഭ്രപാളികളിലെത്തുകയും ചെയ്തിട്ടുണ്ട്. രമ്യാകൃഷ്ണ കുട്ടിയെ രക്ഷപ്പെടുത്തുന്നതിനിടെ പുഴയിൽ താഴ്ന്നു പോകുന്നത് ഈ ലൊക്കേഷനിലായിരുന്നു. കായംകുളം കൊച്ചുണ്ണിയുടെ ഷൂട്ടിംഗും നടന്നു. നേരത്തെ തുരുത്തുകൾ തമ്മിൽ ഒത്തിരി ദൂരമുണ്ടായിരുന്നു. എന്നാൽ 2018ലെ മഹാപ്രളയം പ്രദേശത്തിന്റെ ഗതിമാറ്റി. വെള്ളച്ചാട്ടങ്ങളുടെ അമ്മ, അത്യപൂർവ്വ മത്സ്യങ്ങളുടെ ആവാസ കേന്ദ്രം അങ്ങനെ തുടങ്ങി ഒട്ടനവധി പ്രത്യേകതകളുടെ പ്രവാഹമാണ് ചാലക്കുടിപ്പുഴ. മൂന്നിൽ രണ്ട് ഭാഗവും കാട്ടിലൂടെയുള്ള ഒഴുക്കിൽ വാഴച്ചാലും അതിരപ്പിള്ളിയുമെല്ലാം പ്രസിദ്ധമായി കഴിഞ്ഞു. അതിന്‌താഴെയാണ് പ്രദേശവാസികൾക്ക് പോലും അന്യമാകുന്ന തുമ്പൂർമുഴിയുടെ പ്രതിഭാസം.